ad
Deshabhimani

print edition എൻടിഎ ചെയർമാനെ സംരക്ഷിച്ച്‌ കേന്ദ്രസർക്കാർ

national testing agency chairman
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 01:00 AM | 2 min read

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ യുജിസി നെറ്റ്‌ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നിട്ടും നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) ചെയർമാൻ പ്രദീപ്‌കുമാർ ജോഷിയെ സംരക്ഷിച്ച്‌ മോദി സർക്കാർ. 2023 ആഗസ്‌തിൽ പി കെ ജോഷി ചെയർമാനായി ചുമതലയേറ്റ ശേഷം ഗുരുതരവീഴ്ചകളാണ്‌ എൻടിഎയിലുണ്ടായത്‌.


ആർഎസ്‌എസ്‌ നേതൃത്വവുമായി അടുത്ത ബന്ധമാണ്‌ മധ്യപ്രദേശുകാരനായ ജോഷിക്കുള്ളത്‌. മാനേജ്‌മെന്റ്‌ സ്റ്റഡീസിൽ പ്രൊഫസായ ജോഷിക്ക്‌ മുതിർന്ന ബിജെപി നേതാക്കളായിരുന്ന മുരളി മനോഹർ ജോഷിയുമായും എ ബി വാജ്‌പേയിയുമായും അടുത്ത സ‍ൗഹൃദമുണ്ടായിരുന്നു. നിലവിലെ കേന്ദ്ര കൃഷിമന്ത്രി ശിവ്‌രാജ്‌ സിങ്‌ ച‍ൗഹാൻ മുഖ്യമന്ത്രിയായിരിക്കെ 2006 ൽ ജോഷി മധ്യപ്രദേശ്‌ പിഎസ്‌സി ചെയർമാനായി നിയമിക്കപ്പെട്ടു. 2011 ൽ കാലാവധി കഴിഞ്ഞതിന്‌ പിന്നാലെ ഛത്തിസ്‌ഗഡിലെ പിഎസ്‌സി ചെയർമാനായി. രണ്ട്‌ സംസ്ഥാനങ്ങളുടെ പിഎസ്‌സി ചെയർമാൻ പദവി വഹിക്കുകയെന്ന അപൂർവനേട്ടവും ഇതോടെ കൈവന്നു.


ഛത്തിസ്‌ഗഡിൽ പിഎസ്‌സി ചെയർമാനായി കാലാവധി പൂർത്തീകരിക്കും മുമ്പുതന്നെ മോദി സർക്കാർ 2015 ൽ യുപിഎസ്‌സി അംഗമായി നിയമിച്ചു. 2020 ആഗസ്‌തിൽ യുപിഎസ്‌സി ചെയർമാനായി. 65 വയസ്സായയോടെ 2022 ഏപ്രിലിൽ യുപിഎസ്‌സി വിട്ടു. തൊട്ടടുത്ത വർഷം എൻടിഎ ചെയർമാനായി.


ജോഷി ചെയർമാനായ ശേഷം എൻടിഎ നടത്തിയ പത്തിലേറെ പരീക്ഷകളിൽ പ്രശ്‌നങ്ങളുണ്ടായി. 2024 ൽ നീറ്റ്‌ പേപ്പർ ചോർന്നു. യുജിസി നെറ്റ്‌ പരീക്ഷയും സിഎസ്‌ഐആർ യുജിസി പരീക്ഷയും റദ്ദാക്കി. സിയുഇടി പരീക്ഷയുടെ ഡൽഹിയിലെ സെന്ററുകളിൽ നടത്തിയ പരീക്ഷകളും റദ്ദാക്കേണ്ടി വന്നു. പിന്നാലെയാണ്‌ ഇ‍ൗ വർഷത്തെ നീറ്റ്‌ ചോർച്ചയും യുജിസി നെറ്റ്‌ പരീക്ഷകളുടെ റദ്ദാക്കലും. ഇത്രയൊക്കെയായിട്ടും ജോഷിയുടെ കസേരയ്‌ക്ക്‌ മാത്രം ഇളക്കമില്ല.


600 ‘പരീക്ഷാവിദഗ്‌ധരെ’ നീക്കി


ന്യൂഡൽഹി പരീക്ഷാനടത്തിപ്പിൽ നിരന്തരം അട്ടിമറികളും ക്രമക്കേടുകളുമുണ്ടായ സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയിൽ വൻ അഴിച്ചുപണി. മുൻപ് പരീക്ഷാ ചുമതലകളിലുണ്ടായിരുന്ന 600 പേരെ ഒഴിവാക്കി പകരം പുതിയവരെ നിയമിച്ചു. എൻടിഎ ഓഫീസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സ്ഥലങ്ങളിലേക്ക്‌ മാറ്റും. സിഐഎസ്‌എഫിനെ ഉപയോഗിച്ച്‌ സുരക്ഷ ശക്തിപ്പെടുത്തും. നാലു തലത്തിലുള്ള ചോദ്യപേപ്പർ പരിശോധനാസംവിധാനം സ്ഥാപിക്കും. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ എൻടിഎയിൽ 20-–25 ഉദ്യോഗസ്ഥരെ നിയമിക്കും. വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ്‌ ജോഷിയുമായുള്ള കൂടിക്കാഴ്‌ചയിൽ എൻടിഎ ഉദ്യോഗസ്ഥർ നടപടികൾ വിശദീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home