കുഞ്ഞുങ്ങളുടെ യാത്രയ്ക്കും ലഗേജിനും ഇനി കൂടുതൽ ചെലവ്; ഇൻഡിഗോയിൽ നിരക്കുകൾ വർധിപ്പിച്ചു

ന്യൂഡൽഹി: യാത്രാനിരക്ക് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ച് ഇൻഡിഗോ വിമാനക്കമ്പനി. കുട്ടികളുടെ യാത്രാ നിരക്ക്, അധിക ലഗേജ്, പ്രയോറിറ്റി ചെക്ക്-ഇൻ തുടങ്ങിയ വിവിധ അനുബന്ധ സേവനങ്ങളുടെ നിരക്കുകളാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇൻഫന്റ് ഫീസ് വർധനവ് വഴി മാത്രം ഇൻഡിഗോയ്ക്ക് ഏകദേശം 90 കോടിയുടെ അധിക വരുമാനവും 10 ലക്ഷത്തോളം യാത്രക്കാർക്ക് ബാധ്യതയും ഉണ്ടാകുമെന്നാണ് സൂചന.
2 വയസ്സിൽ താഴെയുള്ള കുട്ടികളുടെ നിരക്ക് 2,000ൽ നിന്ന് 3,000 രൂപ ആയി ഉയർത്തി. കുട്ടികൾക്ക് പ്രത്യേകം സീറ്റ് ലഭിക്കില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളുടെ യാത്രയെ ഇത് ബാധിക്കും. എയർലൈനിന്റെ ബാധകമായ ചട്ടങ്ങൾക്കനുസൃതമായി, മുതിർന്നവരുടെ സംരക്ഷണമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കായുള്ള ഫീസ് 5,000 ൽ നിന്ന് 5,999 രൂപയാക്കി വർധിപ്പിച്ചു. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയർന്നു.
സൗജന്യ പരിധിക്ക് മുകളിലുള്ള ലഗേജിന് കിലോയ്ക്ക് 700 ആയിരുന്നത് 800 രൂപയാക്കി വർധിപ്പിച്ചു. എയർപോർട്ടിലെ മുൻഗണനാ സേവനങ്ങൾക്കുള്ള നിരക്ക് 450ൽ നിന്ന് 650 ആയി വർധിപ്പിച്ചു. ട്രാവൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നിരക്ക് 200ൽ നിന്ന് 300 രൂപആയി ഉയർത്തി.
വിമാനക്കമ്പനികളുടെ ഉയർന്ന പ്രവർത്തനച്ചെലവ് പരിഗണിച്ച് നടത്തുന്ന പതിവ് നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമാണിതെന്നാണ് കമ്പനിയുടെ വാദം. അധിക ലഗേജ് നിരക്ക് ഓഗസ്റ്റ് 1 മുതലും, ഇൻഫന്റ് ഫീസ് സെപ്റ്റംബർ തുടക്കം മുതലും നിലവിൽ വന്നു.









0 comments