വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന; മലപ്പുറത്ത് അധ്യാപകനടക്കം നാലുപേർ പിടിയിൽ

പ്രതീകാത്മക ചിത്രം
മലപ്പുറം: വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന നടത്തി വന്ന കേസിൽ അധ്യാപകനടക്കം നാലുപേർ പിടിയിൽ. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നിലമ്പൂരിലും സമീപപ്രദേശങ്ങളിലുമാണ് സംഘം എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തി അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇയാൾ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി വിൽക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തേ പോലീസ് പിടികൂടിയിരുന്നു. റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ചനിലയിൽ കണ്ടെത്തിയ കാറിൽനിന്നാണ് പൊലീസ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകന്റെയും കൂട്ടാളികളുടെയും മയക്കുമരുന്ന് വിൽപ്പന കണ്ടെത്തയത്. മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്നുവർഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനാണ്.









0 comments