ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: മലേഷ്യയെ തകർത്ത് ശ്രീലങ്ക സെമിയിൽ

ചമരി അത്തപ്പത്തു (ഇടത്) കവിഷ ദിൽഹാരി (വലത്)| Photo :X
ഹാങ്ഷൂ : ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിൽ പ്രവേശിച്ചു. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ മികവു പുലർത്തിയ ലങ്കൻ പടയ്ക്ക് മുന്നിൽ മലേഷ്യൻ നിരയ്ക്ക് മറുപടിയില്ലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിന്റെ അർധസെഞ്ചുറിയുടെയും (37 പന്തിൽ 63 റൺസ്) കവിഷ ദിൽഹാരിയുടെ മികച്ച ബാറ്റിംഗിന്റെയും (27 പന്തിൽ 44 റൺസ്) കരുത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. മലേഷ്യയ്ക്കായി നൂറിൻ ഇമാനിക 3 വിക്കറ്റ് വീഴ്ത്തി.
161 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യൻ നിരയെ ലങ്കൻ ബോളർമാർ കൃത്യതയാർന്ന ബോളിംഗിലൂടെ തളച്ചു. 20 ഓവർ പൂർത്തിയാകുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് മാത്രമാണ് മലേഷ്യയ്ക്ക് നേടാനായത്. 28 റൺസെടുത്ത വിനിഫ്രെഡ് ദുരൈസിംഗവും 24 റൺസെടുത്ത മാഹിറ ഇസ്സത്തിയും മാത്രമാണ് മലേഷ്യൻ നിരയിൽ തിളങ്ങിയത്.
ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയ കവിഷ ദിൽഹാരിയും ചമാരി അത്തപ്പത്തുവും ബോളിംഗിലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. മിഥാലി അയോധ്യ ബണ്ഡാരയും രണ്ട് വിക്കറ്റ് നേടി. സെപ്റ്റംബർ 20നാണ് ടൂർണമെന്റിലെ സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.









0 comments