ബി അശോകിനും എൻ പ്രശാന്തിനും കൂടുതൽ വകുപ്പുകളുടെ അധിക ചുമതല നൽകി യുഡിഎഫ് സർക്കാർ

എൻ പ്രശാന്ത് (ഇടത്) ബി അശോക് (വലത്)
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പിന്റെയും ഭരണപരിഷ്കരണ വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. കായിക-യുവജനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയായ എൻ പ്രശാന്തിന് നികുതി വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകി.
മുഖ്യമന്ത്രി വിഡി സതീശൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലേക്കാണ് ഇരുവർക്കും അധിക ചുമതല നൽകിയിരിക്കുന്നത്. പൊതുഭരണ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന ബി ബിജുവിനെയും ഭരണപരിഷ്കരണ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന ടിവി അനുപമയെയും ഈ ചുമതലകളിൽനിന്ന് ഒഴിവാക്കി. നികുതി വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കെആർ ജ്യോതിലാൽ തുടർന്നും വഹിക്കും.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരുവരും അച്ചടക്ക നടപടിക്ക് വിധേയരായിരുന്നു. സർക്കാർ നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് എൻ പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചത്. ബി അശോകിനെതിരെയും നടപടിയുണ്ടായിരുന്നു. ഇരുവരെയും സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെ ജൂണിൽ പുതിയ ചുമതലകൾ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇരുവർക്കും വീണ്ടും പ്രധാന വകുപ്പുകളുടെ അധിക ചുമതല നൽകിയത്.









0 comments