17കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ജീർണിച്ച മൃതദേഹം തെരുവുനായ കടിച്ചുകീറിയ നിലയിൽ

ന്യൂഡൽഹി: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് 17 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി പാടത്ത് തള്ളിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ 13നാണ് കുഷക് റോഡിന് സമീപമുള്ള കൃഷിയിടത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ ആക്രമിച്ച നിലയിലായിരുന്നു. പെൺകുട്ടിയുമായി പരിചയമുള്ള മൂന്ന് കൗമാരക്കാരും, ശിവം (സുദാമാ) എന്നയാളുമാണ് കേസിലെ പ്രതികൾ. പ്രതികളിലൊരാളായ പതിനേഴുകാരൻ പെൺകുട്ടിയുടെ സുഹൃത്താണ്.
പ്രതികൾ മദ്യപിച്ച ശേഷമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. 50-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായി കണ്ട ടെമ്പോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
കൊലപാതകത്തിനുശേഷം മൃതദേഹം കുഷക് റോഡിന് സമീപമുള്ള വിജനമായ കൃഷിയിടത്തിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. ദിവസങ്ങൾ പഴക്കമുണ്ടായിരുന്നതിനാൽ മൃതദേഹം പൂർണമായും ജീർണിച്ച നിലയിലായിരുന്നു. തുടക്കത്തിൽ ലിംഗനിർണ്ണയം നടത്താൻ പോലും ഫോറൻസിക് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. തെരുവ് നായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ഒരു കൈ ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു.
പെൺകുട്ടി സാധാരണയായി വീട്ടിൽ നിന്ന് മാറിനിൽക്കാറുള്ളതിനാൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ടിലെ സെക്ഷൻ 6 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.









0 comments