മാധ്യമ വേട്ടയിൽ മോദി സർക്കാരിനെ പിന്തുടർന്ന് കേരളത്തിലെ യുഡിഎഫ് സർക്കാരും: തോമസ് ഐസക്

തിരുവനന്തപുരം: രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ എങ്ങനെയാണോ മാധ്യമങ്ങളെ വേട്ടയാടുന്നത് അതുപോലെയാണ് സംസ്ഥാനത്ത് വി ഡി സതീശൻ സർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. ഇല്ലാത്ത കേസ് ഉണ്ടാക്കി മാധ്യമത്തെ വേട്ടായാടുന്നു. ഒരടിസ്ഥാനവും ഇല്ലാത്ത ജിഎസ്ടി ആരോപണത്തിൽ മാധ്യമസ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമം നടത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമീഷണർ വ്യക്തമാക്കണം. അന്വേഷണത്തിന് യാതൊരു അടിത്തറയുമില്ല. ഇവിടെ അർജന്റീന ഫുട്ബോൾ ക്ലബിന്റെ സേവനം വാങ്ങുന്നതിന് വേണ്ടി അഡ്വാൻസ് നൽകുമ്പോൾ റിവേഴ്സ് ചാർജ് ആയിട്ട് ജിഎസ്ടി ഈടാക്കുന്നത് ന്യായമാണ്. അതിന് നോട്ടീസ് നൽകാം. ആ അഡ്വാൻസിന്മേൽ ജിഎസ്ടി നൽകിയില്ലെങ്കിൽ സെക്ഷൻ 74 ന്റെ അടിസ്ഥാനത്തിൽ പിഴയും ഈടാക്കാം.
എന്നാൽ ഇന്ന് എന്താണ് അവസ്ഥ..? അത്തരത്തിലൊരു സേവനം നൽകുന്നില്ല എന്ന് അർജന്റീന ഫുട്ബോൾ ക്ലബ് പ്രഖ്യാപിച്ചു കഴിഞ്ഞു. സപ്ലൈ ഇല്ലാതെ എന്ത് ജിഎസ്ടി നികുതിയാണ് ഈടാക്കുന്നത്. ജിഎസ്ടി എപ്പോഴും സപ്ലൈയ്ക്ക് നേരെയാണ്. സപ്ലൈ ഇല്ലാതാകുന്നതോടു കൂടി നികുതിയുടെ അടിസ്ഥാനവും പോകുന്നു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ജിഎസ്ടി വകുപ്പ് ഇപ്പോഴും കടന്നാക്രമിക്കുന്നത്.
നികുതി വെട്ടിക്കുന്നത് വേണ്ടിയിട്ട് വ്യാജ രേഖ സമർപ്പിക്കുകയോ, അല്ലെങ്കിൽ ഇൻവോയിസ് കൃത്രിമം കാണിക്കുകയോ ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള അന്വേഷണങ്ങളിലേയ്ക്ക് പോകാൻ കമീഷണർക്ക് ഓർഡർ ഇടാം. ഇന്ന് സപ്ലൈ ഇല്ല. ഫുട്ബോൾ ക്ലബ്ബായ അർജന്റീന ഇങ്ങനെയൊരു സേവനം നൽകാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. പിന്നെ എന്താണ് ഇവർ അന്വേഷിക്കുന്നത്..? അവർ നൽകിയ അഡ്വാൻസിന് നികുതി പിരിച്ചിരുന്നുവെങ്കിൽ ഇന്ന് റീഫണ്ട് കൊടുക്കേണ്ടി വരുമായിരുന്നെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
കേരളത്തിലെ വ്യാപാരികൾ ഒരു കാര്യം ചെയ്യാനുദ്ദേശിക്കുമ്പോൾ രണ്ട് വട്ടം ചിന്തിക്കേണ്ട സംഭവമാണിത്. ജിഎസ്ടിയിൽ വ്യാപാരികൾക്ക് നൽകിയിട്ടുള്ള സംരക്ഷണത്തെ മനോധർമം അനുസരിച്ച് ജിഎസ്ടി കമീഷണർ എപ്പോൾ വേണമെങ്കിലും കടന്നുകയറാം എന്നുള്ളതാണ് ഇത് നൽകുന്ന സന്ദേശം. എന്താണ് റിപ്പോർട്ടർ ചാനലിനെതിരായി നടത്തുന്ന ആക്ഷേപങ്ങൾ..? മാധ്യമങ്ങൾ അവരുടെ പ്രചരണങ്ങൾക്കായി, മാതൃഭൂമി ക നടത്തുന്നു. മനോരമയാണെങ്കിൽ ഹോർത്തൂസ് നടത്തുന്നു. അങ്ങനെ എന്തെല്ലാം പരിപാടികൾ നടത്തുന്നു. ഒരു മാധ്യമ സ്ഥാപനം ഒരു ഹൈ പ്രൊഫൈൽ ഫുട്ബോൾ ടീമിനെ കൊണ്ടുവരാൻ നിശ്ചയിക്കുന്നു. അതിനുള്ള പണം അവർ മുടക്കുന്നു. സർക്കാർ പണം നൽകിയിട്ടില്ല. പിന്നെ എന്താണ് അവർ അന്വേഷിക്കുന്നത്..?
ഇന്ത്യൻ ഫുട്ബോൾ അതോറിറ്റിയുടെ അനുവാദത്തോടു കൂടി റിസർവ് ബാങ്കിന്റെ അനുവാദത്തോടു കൂടി ഫുട്ബോൾ ടീമിനെ കൊണ്ടുവരാൻ ശ്രമിക്കുന്നു. സർക്കാരിന് എന്ത് പണം നഷ്ടമാണ് ഇതിൽ ഉള്ളത്..? ഫുട്ബോൾ ടീം വരുന്നില്ലെങ്കിൽ അവർക്ക് പണം പോയി. ചാനലിന് നഷ്ടം. കേരള സർക്കാർ എന്ത് നഷ്ടമെന്ന് പറഞ്ഞാണ് അന്വേഷിക്കുന്നത്? ഇല്ലാത്ത ജിഎസ്ടിയുടെ പേരിൽ നടത്തുന്ന അന്വേഷണം ദുരുദ്ദേശപരമാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.








0 comments