കർഷക ദ്രോഹ നടപടികളുമായി കേന്ദ്രം: അധിക സാമ്പത്തിക സഹായം പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂഡൽഹി : വീണ്ടും കർഷക ദ്രോഹ നടപടികളുമായി മോദി സർക്കാർ. നെല്ലിനും ഗോതമ്പിനും കേന്ദ്രസർക്കാർ നിശ്ചയിച്ച മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) പുറമെ സംസ്ഥാനങ്ങൾ ലഭ്യമാക്കുന്ന അധിക സാമ്പത്തിക സഹായം പിൻവലിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കർഷകരുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കൃഷി, കർഷകക്ഷേമ മന്ത്രാലയം നൽകിയ മറുപടിയിലാണ് സാമ്പത്തിക സഹായം നിർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യ മന്ത്രാലയത്തിലെ ചെലവ് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാർക്ക് 2026 ജനുവരി 9 ന് കത്ത് അയച്ചതായി സമ്മതിച്ചത്. നെല്ലിനും ഗോതമ്പിനുമുള്ള മിനിമം താങ്ങുവിലയ്ക്ക് പുറമേ സംസ്ഥാനങ്ങൾ നൽകുന്ന ബോണസ് പുനഃപരിശോധിക്കാനും നിർത്തലാക്കാനും, കേന്ദ്രത്തിന്റെ നയങ്ങൾ അംഗീകരിക്കാനും കത്തിൽ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു.
നെല്ല്, ഗോതമ്പ് എന്നിവയുടെ ബോണസ് നിർത്തലാക്കി പകരം പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, തിന തുടങ്ങിയ വിളകളെ പ്രോത്സഹിപ്പിക്കാനും കത്തിൽ പറയുന്നു. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെക്കുറിച്ചും അവരുടെ കാർഷിക മേഖലകളെ പിന്തുണയ്ക്കുന്നതിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെക്കുറിച്ചുമുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ് പുതിയ നീക്കം.
രാജ്യത്തുടനീളമുള്ള കർഷകർ വർധിച്ചുവരുന്ന ഉൽപാദനച്ചെലവ്, പണപ്പെരുപ്പം, വരുമാനമില്ലായ്മ എന്നിവയാൽ വലയുന്ന അവസരത്തിലാണ് സംസ്ഥാനങ്ങൾ നൽകുന്ന അധിക പിന്തുണ പിൻവലിക്കാൻ കേന്ദ്രം നിർദേശിക്കുന്നത്. കേന്ദ്ര സർക്കാർ നെല്ലിന് നിശ്ചയിച്ചിട്ടുള്ള നിലവിലെ താങ്ങുവില ക്വിന്റലിന് 2,369 രൂപയാണ്. കൃഷിക്കാർക്ക് കൂടുതൽ ആദായം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ക്വിന്റലിന് 631 രൂപ അധിക ബോണസ് നൽകുന്നതിനാൽ കേരളത്തിലെ കർഷകർക്ക് നിലവിൽ ക്വിന്റലിന് 3,000 രൂപ ലഭിക്കുന്നുണ്ട്.
ഇത്തരം ബോണസുകൾ നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ കേരളത്തിലെ കർഷകർക്ക് ഈ അധിക പിന്തുണ നഷ്ടപ്പെടും. ഇത് അവരുടെ വരുമാനത്തെ സാരമായി ബാധിക്കും. നിലവിലുള്ള പ്രോത്സാഹന ബോണസ് പിൻവലിക്കാനുള്ള നിർദ്ദേശത്തോട് യോജിക്കുന്നില്ലെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കർഷകരെ പ്രതികൂലമായി ബാധിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് കേന്ദ്രം പിൻമാറണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.










0 comments