print edition അപകടം തിരിച്ചറിഞ്ഞിട്ടും എഥനോൾ കലർത്താൻ കേന്ദ്രം

ന്യൂഡൽഹി: ഇ–20 നയത്തിന്റെ അപകടം തിരിച്ചറിഞ്ഞിട്ടും എഥനോൾ കലർത്താത്ത പെട്രോൾ വിൽക്കാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. ഇ–20 ഇന്ധനത്തിന്റെ ഉപയോഗം മൈലേജിൽ കുറവുണ്ടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി തന്നെ വ്യക്തമാക്കിയതാണ്. ആദ്യ ഘട്ടങ്ങളിൽ ഇത് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുമെന്ന വാദത്തെ മന്ത്രി ആദ്യം തള്ളിയിരുന്നു. എന്നാൽ, തകരാറിലാകുന്ന കാറുകളുടെ കേടുപാട് വാഹന നിർമാതാക്കൾ പരിഹരിക്കണമെന്ന നിർദേശം നൽകിയതായി കഴിഞ്ഞ ദിവസം ഗഡ്‌കരി സമ്മതിച്ചു.
രാജ്യത്തെ 34 കോടിയിലധികം പെട്രോൾ വാഹനങ്ങളെയാണ് സർക്കാർ നയം ബാധിക്കുക. ഇ20 ഉപയോഗിച്ചത് മൂലം വാഹനങ്ങളിലുണ്ടാകുന്ന കേടുപാട് സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൗ വസ്‌തുത മുന്നിലുണ്ടായിട്ടും നയത്തിൽ നിന്ന് പിന്മാറാനാവില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്.
രാജ്യത്ത് ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്ന എഥനോൾ കലർന്ന പെട്രോൾ വിതരണം ചെയ്യുന്നതിലൂടെ 1.90 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചെന്ന് കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ, അതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കുന്നുമില്ല. കേന്ദ്ര ഖജനാവിലേക്കും എണ്ണക്കമ്പനികളിലേക്കും വൻ ലാഭം ഒഴുകുമ്പോൾ, മൈലേജ് കുറവ് മൂലം ജനങ്ങളുടെ കീശ കാലിയാവുകയാണ്. എഥനോൾ ഉത്പാദനത്തിനായി കരിമ്പ്, ചോളം, അരി തുടങ്ങിയ ഭക്ഷ്യവിളകളാണുപയോഗിക്കുന്നത്. അതിനാലിത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെയും ബാധിക്കും. ഒപ്പം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. പാവപ്പെട്ടവർക്ക് എഎവൈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ധാന്യത്തിന്റെ അളവ് വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. ഇൗ നീക്കത്തിലൂടെ മിച്ചം വരുന്ന അരിയുപയോഗിച്ച് എഥനോൾ ഉത്‌പാദിപ്പിക്കാനാണെന്ന റിപ്പോർട്ടുകളുണ്ട്.
എഥനോൾ ഉത്‌പാദനം വ്യാപകമായി ആരംഭിക്കുന്നത് രാജ്യത്തെ ജലസുരക്ഷയെയും തകിടം മറിക്കും. ഒരു ലിറ്റർ എഥനോൾ കരിമ്പിൽനിന്ന് നിർമിക്കാൻ 3,000 ലിറ്റർ വെള്ളവും നെല്ലിൽനിന്ന് 10,000 ലിറ്റർ വെള്ളവും ആവശ്യം. എഥനോൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ അമേരിക്ക തുടങ്ങിയിട്ടുണ്ട്.










0 comments