ബോൺമൗത്ത് വിറപ്പിച്ചു; ഇഞ്ചുറി ടൈമിൽ സിറ്റിക്ക് ജയം

ഇത്തിഹാദ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ച് ബോൺമൗത്ത്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ കരുത്തിലാണ് സിറ്റി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. കളിയുടെ 80 മിനിറ്റ് വരെ ഒരു ഗോളിന് മുന്നിട്ട ശേഷമാണ് ബോൺമൗത്ത് കീഴടങ്ങിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച കളിച്ച സിറ്റിക്ക് മികച്ച അവസരങ്ങൾ ഗോളാക്കാൻ കഴിഞ്ഞില്ല. എന്നാൽ 26-ാം മിനിറ്റിൽ മാർക്കസ് ടാവെർനിയറിലൂടെ ബോൺമൗത്ത് ലീഡ് നേടി. ബോക്സിൽ വെച്ച് ഇവാനിൽസൺ നൽകിയ പന്ത് മാർക്കസ് ടാവെർനിയർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
80 മിനിറ്റുവരെ സിറ്റിയെ ഗോൾ മടക്കാൻ ടീം അനുവദിച്ചില്ല. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റി ഒപ്പമെത്തി. 84-ാം മിനിറ്റിലാണ് സിറ്റി സമനില ഗോൾ നേടുന്നത്. സെൻ്റർ ബാക്കായ മാർക്ക് ഗ്വയ്ഹിയിലൂടെയായിരുന്നു മടങ്ങി വരവ്. പിന്നാലെ ഇഞ്ചുറി ടൈമിൽ (90+2) ജോസ് കോ ഗ്വാർഡിയോൾ ടീമിന് വിജയ ഗോൾ സമ്മാനിച്ചു. പെനാൽറ്റി ബോക്സിൽ നിന്ന് ലഭിച്ച പന്ത് ഗ്വാർഡിയോൾ, വലതുകാൽ കൊണ്ട് വലയുടെ മൂലയിലെത്തിക്കുയായിരുന്നു.
അതേസമയം ടോട്ടനം ഹോട്സ്പർ കനത്ത തോൽവിയോടെയാണ് പ്രീമിയർ ലീഗ് തുടങ്ങിയത്. ടോട്ടനത്തിന് കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്ന് മോചനമായിട്ടില്ലെന്ന് ഈ സീസണിലെ കന്നി മത്സരത്തിലും തെളിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രന്റ്ഫോഡാണ് ടോട്ടനത്തെ വീഴ്ത്തിയത് (3-0). മറ്റു മത്സരങ്ങളിൽ ഇപ്സ്വിച് സിറ്റി സണ്ടർലന്റിനെയും (2-1), എവർട്ടൺ ക്രിസ്റ്റൽ പാലസിനെയും (2-0), ലീഡ്സ് നോട്ടിങ്ങ്ഹാം ഫോറസ്റ്റിനെയും (1-0) കീഴടക്കി.









0 comments