വഖഫ് ബോർഡ്: ആർഎസ്എസിന്റെ വാദം സർക്കാർ പരസ്യമായി ഉന്നയിക്കുന്നത് എന്തിനെന്ന് പിണറായി

പിണറായി വിജയൻ
മലപ്പുറം: ആർഎസ്എസിന്റെ പാദസേവകരായി യുഡിഎഫ് സർക്കാർ മാറുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കണമെന്ന ആർഎസ്എസിന്റെ വാദം സർക്കാർ പരസ്യമായി ഉന്നയിക്കുന്നത് എന്തിനാണെന്നും പിണറായി ചോദിച്ചു. മലപ്പുറത്ത് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിഭാഗങ്ങൾക്കും സ്ഥാപനങ്ങളുണ്ട്. മുസ്ലിം വിഭാഗത്തിന്റേതല്ലാതെ വേറെ ഏതെങ്കിലും ഇടങ്ങളിൽ ആ മതത്തിന്റേതല്ലാത്ത ആളുകൾ ഉൾപ്പെടുന്ന ഭരണനേതൃത്വം ഉണ്ടായിട്ടുണ്ടോ? വഖഫ് ബോർഡിൽ മാത്രം ഈ നീക്കം നടത്തുന്നത് വർഗീയവീക്ഷണത്തോടെയാണ്. ഇന്ന് മുസ്ലിം ആണെങ്കിൽ നാളെ മറ്റൊരു മതത്തിലേക്കും സംഘപരിവാറിന്റെ കൈകടത്തലുണ്ടാകാം. മതസ്ഥാപനങ്ങൾ അതത് മതത്തിൽപെടുന്നവരാണ് നടത്തേണ്ടത്.
കേരളം ശക്തമായി ഈ നീക്കത്തെ എതിർത്തതാണ്. എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ കക്ഷിചേരുകയും ചെയ്തു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നതും പിന്നീട് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതും. സർക്കാർ നടപടിയെ ചോദ്യംചെയ്ത് സംഘപരിവാർ ഭാരവാഹി ഹൈക്കോടതിയിൽ പോയപ്പോൾ യുഡിഎഫ് ചെയ്തത് വിചിത്രമായ നടപടിയാണ്. ബോർഡ് നിയമാനുസൃതം അല്ലെന്നും രണ്ട് അമുസ്ലീങ്ങൾ കൂടി ഉൾപ്പെടാത്ത ബോർഡ് പിരിച്ചുവിടണമെന്നുമാണ് യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. ആരുടെ വാദമാണ് സർക്കാർ ഉയർത്തുന്നത്? മുസ്ലിം ലീഗ് നേതാവാണ് വകുപ്പ് മന്ത്രി. എന്താണ് നിലപാട്? സുപ്രിംകോടതിയിലെ കേസിൽ സർക്കാരിന്റെ ഇൗ നിലപാട് വിപരീതഫലമാണുണ്ടാക്കുക. അമുസ്ലിങ്ങൾ ബോർഡിൽ വന്നാലുള്ള ആപത്ത് ചൂണ്ടിക്കാണിക്കേണ്ടതിനുപകരം അത് പരോക്ഷമായി അംഗീകരിക്കുന്ന സ്ഥിതിയുണ്ടാകുമോയെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ടെന്നും പിണറായി പറഞ്ഞു.









0 comments