കേന്ദ്രത്തിന്റെ പകൽക്കൊള്ള; വ്യോമയാന ഇന്ധന നിരക്കും കൂട്ടി

ന്യൂഡൽഹി: പാചകവാതക വിലയ്ക്ക് പുറമെ വ്യോമയാന ഇന്ധന നിരക്കും കൂട്ടി കേന്ദ്രസർക്കാർ. ലിറ്ററിന് 16 രൂപയാണ് കൂട്ടിയത്. ഇതോടെ ആഭ്യന്തര വിമാനനനിരക്കുകളിൽ വലിയ വർധനവാണ് ഉണ്ടാകാൻ പോകുന്നത്. മുൻപ് ലിറ്ററിന് 121 രൂപയായിരുന്നു, പുതുക്കിയ ഇന്ധനനിരക്കിൽ ഇത് 137 രൂപയായി വർധിച്ചു.
യുദ്ധസമാനമായ സാഹചര്യവും ചരക്കുനീക്കത്തിലെ അസ്ഥിരതകളുമാണ് നിരക്ക് കൂട്ടാനുള്ള കാരണമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. നവരാത്രി ഉൾപ്പടെയുള്ള അവധിസമയത്തെ ഈ വർദ്ധനവ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിലും വലിയ മാറ്റം കൊണ്ടുവരും.
അവധി സമയത്ത് ഭീമമായി തുക നൽകി നാട്ടിലേക്ക് വരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് നിരക്കുകൾ വീണ്ടും വർദ്ധിക്കുന്നത്.
ഇതോടെ ന്യൂഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 2,810 രൂപയാണ് വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണിന് തൊട്ടുമുമ്പുള്ള വിലക്കയറ്റം വ്യാപാരകൾക്ക് കനത്ത തിരിച്ചടിയാവും.
ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറികൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യോൽപ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റും.








0 comments