print edition മറുപടിയില്ലാതെ കേന്ദ്രം: അമിത് ഷാ എവിടെ

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥിവേട്ടയ്‌ക്കുശേഷം പാർലമെന്റിലെ ഇരുസഭകളിലുമെത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഒളിച്ചുകളി തുടരുന്നു. ലോക്‌സഭയിൽ വെള്ളിയാഴ്‌ച ജനന– മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ പാസാക്കിയ ഘട്ടത്തിലും അമിത് ഷാ വിട്ടുനിന്നു. വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസം ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത് അമിത് ഷായാണ്. എന്നാൽ വെള്ളിയാഴ്‌ച ബിൽ പസാക്കിയ ഘട്ടത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഹാജരായത്.
ആഭ്യന്തരമന്ത്രി സഭയിൽ വരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടികളിൽ ആഭ്യന്തര മന്ത്രിയുടെ വിശദീകരണം തേടി പ്രതിപക്ഷം തുടർച്ചയായി സഭ സ്‌തംഭിപ്പിക്കുന്പോഴും അമിത് ഷാ മൗനത്തിലാണ്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയനിലപാടുകളെ ചോദ്യംചെയ്യുന്നവരെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്ന ആഭ്യന്തര മന്ത്രി ഇപ്പോൾ ഭീതിയിലാണോയെന്ന ചോദ്യമാണ് സഭയിൽ ഉയർത്തുന്നത്.
വർഷകാല സമ്മേളനത്തിന് തുടക്കമായ ജൂലൈ 20 ന് പ്രധാനമന്ത്രി മോദിയും അമിത് ഷായും ലോക്‌സഭയിൽ സന്നിഹിതരായി. അതേദിവസമാണ് ജന്തർമന്തറിൽ വിദ്യാർഥികളെയും യുവജനങ്ങളെയും പൊലീസ് തല്ലിചതച്ചത്. പിന്നീട് ഇരുവരും ഇരുസഭയിലും എത്തിയിട്ടില്ല. പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള സുപ്രധാന ഭേദഗതി ബിൽ ലോക്‌സഭ പരിഗണിച്ചപ്പോഴും മോദിയും ഷായും എത്തിയില്ല.
സഭാസ്‌തംഭനം തുടരുന്നു
ന്യൂഡൽഹി: വിദ്യാർഥികളെയും യുവജനങ്ങളെയും പൊലീസും കേന്ദ്രസേനയും തല്ലിചതച്ചതിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും വെള്ളിയാഴ്‌ചയും സ്‌തംഭിച്ചു. പെല്ലറ്റ് തോക്ക് അടക്കം പ്രയോഗിച്ചത് ആരുടെ നിർദേശപ്രകാരമാണെന്ന് പാർലമെന്റിൽ അമിത് ഷാ വിശദീകരിക്കണമെന്നാണ് ആവശ്യം. അതിന് തയ്യാറല്ലെങ്കിൽ ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാർ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നു. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും എംപിമാർ നടുത്തളത്തിലിറങ്ങി. രാജ്യസഭ നടപടികളിലേക്ക് കടക്കാതെ വേഗത്തിൽത്തന്നെ തിങ്കളാഴ്‌ച ചേരുന്നതിനായി പിരിഞ്ഞു. ലോക്‌സഭ ആദ്യം 12 മണി വരെ നിർത്തി. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി.
അയോധ്യ രാമക്ഷേത്രക്കൊള്ള: ‘കാണിക്ക കീശയിലാക്കി’ പ്രതിഷേധം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. സ്വതന്ത്ര എംപി പപ്പു യാദവ് കാവി വസ്‌ത്രങ്ങളണിഞ്ഞ് കാണിക്കവഞ്ചിയുമായി നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള അംഗങ്ങൾ കാണിക്കവഞ്ചിയിൽ പണമിട്ടപ്പോൾ പപ്പുയാദവ് അതെല്ലാമെടുത്ത് സ്വന്തം കീശയിലാക്കി. ‘കാണിക്ക മോഷ്ടാക്കൾ സിംഹാസനം ഒഴിയൂ’ – എന്ന മുദ്രാവാക്യം അംഗങ്ങൾ മുഴക്കി. കോൺഗ്രസും സമാജ്‌വാദി പാർടിയും സനാതനധർമത്തെ ആക്ഷേപിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.










0 comments