print edition സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് ഇല്ലെന്ന് കേന്ദ്രം

Representative Image | AI
സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:00 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ വിവരശേഖരം നിലവിലില്ലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വസ്‌തുത വെളിപ്പെട്ടത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സാർവത്രിക സാമൂഹിക സുരക്ഷയോ തൊഴിലില്ലായ്‌മാ വേതനമോ വരുമാന സംരക്ഷണ സംവിധാനമോ ഇല്ലെന്നും തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ മറുപടിയിൽ അറിയിച്ചു.
സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ഏകീകൃത ദേശീയ രജിസ്‌റ്റർ പോലും നിലവിലില്ല. പിഎൽഎഫ്‌എസ്, ഇപിഎഫ്‌ഒ, ഇഎസ്‌ഐസി, ആർബിഐ–കെഎൽഇഎംഎസ് തുടങ്ങിയ വ്യത്യസ്‌ത ഡാറ്റാസംവിധാനങ്ങളെയാണ് സർക്കാർ ആശ്രയിക്കുന്നത്. തൊഴിലാളികളുടെ സമഗ്രവിവരങ്ങൾ സർക്കാരിന്റെ പക്കലില്ലാത്തത് തൊഴിൽ നയരൂപീകരണത്തിലെ ഗുരുതര വീഴ്‌ച്ചയാണെന്ന് വി ശിവദാസൻ ചൂണ്ടിക്കാട്ടി.
പിരിച്ചുവിടലിന്റെ കണക്കുമില്ല
ഇപിഎഫ്‌ഓയുടെയും ഇഎസ്‌ഐസിയുടെയും മറ്റും പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്ര സ്ഥിരം– കരാർ– താൽകാലിക ജീവനക്കാരുണ്ടെന്നെ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനും മറുപടി ലഭിച്ചില്ല. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം തങ്ങളുടെ പക്കലില്ലെന്ന് സർക്കാർ സമ്മതിച്ചു. രാജ്യത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്ന പിരിച്ചുവിടലിന്റെയും അടച്ചുപൂട്ടലിന്റെയും മറ്റും വിശദാംശങ്ങൾ ബ്രിട്ടാസ് തേടിയെങ്കിലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി. കൂട്ടപിരിച്ചുവിടലുകളുടെ എങ്കിലും എണ്ണമുണ്ടോയെന്ന് ചോദിച്ചപ്പോഴും സർക്കാർ കൈമലർത്തി.










0 comments