print edition കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ 92 കോടി

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഒൗദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിന് 2025–26 സാന്പത്തിക വർഷം ചെലവഴിച്ചത് 92.35 കോടി രൂപ. വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടി പ്രകാരമുള്ള കണക്കാണിത്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വസതി മോടി പിടിപ്പിക്കലിനായി ആദ്യമായാണ് ഇത്രയും തുക ചെലവഴിക്കുന്നത്. 2014 മുതലുള്ള കണക്കെടുത്താൽ ആകെ 547.68 കോടി രൂപയാണ് വസതികൾ മോടിപിടിപ്പിക്കാൻ ചെലവിട്ടത്.
കേന്ദ്ര പൊതുമാരത്ത് വകുപ്പ്(സിപിഡബ്ല്യുഡി) വഴിയാണ് ഇൗ പ്രവൃത്തികൾ നടക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവുമാണ് ചെലവ് കുത്തനെ വർധിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹിയിലെ ലുട്ട്യൻസ് ബംഗ്ലാവ് മേഖലയിലാണ് മന്ത്രിമാരുടെ വസതികൾ സ്ഥിതി ചെയ്യുന്നത്.
2014–15ൽ 27.47 കോടി രൂപ ചിലവഴിച്ച സ്ഥാനത്താണ് കഴിഞ്ഞവർഷം 92 കോടി പൊടിച്ചത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ വസതികളിലെ പണികൾക്ക് ചിലവഴിച്ച തുകയുടെ ശരാശരി 26.78 കോടിയാണ്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇത് 50 കോടിക്ക് അടുത്തെത്തി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ രണ്ടുവർഷത്തെ ശരാശരി 82.16 കോടിയാണ്. 71.98 കോടി രൂപയാണ് 2024–25 വർഷം ചിലവഴിച്ചത്. കേന്ദ്രമന്ത്രിമാരുടെ ഓഫീസ്, എംപിമാരുടെ വസതികൾ എന്നിവയ്‌ക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.










0 comments