റേഷൻ വിഹിതം വെട്ടിക്കുറയ്ക്കരുത്
print edition രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡൽഹി : ദരിദ്രവിഭാഗങ്ങളുടെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, കിസാൻസഭ, സിഐടിയു ആഭിമുഖ്യത്തിൽ സംയുക്തമായി പ്രതിഷേധിക്കും. നിലവിലുള്ള റേഷൻവിഹിതം പോലും അപര്യാപ്‌തമാണെന്ന് ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂർണ ശാരീരിക വളർച്ചയ്‌ക്ക് ഓരോ വ്യക്തിക്കും 14 കിലോ ഭക്ഷ്യധാന്യമെങ്കിലും ആവശ്യമാണെന്ന് ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യമെന്നത് വെട്ടി വ്യക്തികൾക്ക് ഏഴുകിലോ ആയി പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം.
ചെറിയ കുടുംബങ്ങൾക്കും വലിയ കുടുംബങ്ങൾക്കുമിടയിൽ ഭക്ഷ്യധാന്യ വിതരണത്തിൽ അസമത്വമുണ്ടെന്നും അത് പരിഹരിക്കാനാണ് പുതിയ രീതിയെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഒരു കുടുംബത്തിന് പരമാവധി 35 കിലോ ഭക്ഷ്യധാന്യമെന്ന പരിധിയും ഏർപ്പെടുത്തി. ഇതോടെ അഞ്ചിൽകൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ ഒരോ അംഗത്തിനും ഏഴ് കിലോ അരി പോലും ലഭിക്കാതാകും.
തുല്യതയെന്നാൽ ‘എല്ലാവർക്കും ഒരു പോലെ ദാരിദ്രം’ എന്നാണ് ബിജെപിയുടെ വ്യാഖ്യാനം. രാജ്യത്തെ 236.9 ലക്ഷം അന്ത്യോദയ കുടുംബങ്ങളിലെ 939.4 ലക്ഷംപേർ ഇൗ പദ്ധതിയുടെ സഹായത്തോടെയാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ വിശപ്പോ ദാരിദ്രമോ ജീവിതപ്രശ്‌നങ്ങളോ ആർഎസ്‌എസിനും ബിജെപിക്കും മനസ്സിലാകില്ല.
ചില ആനുകൂല്യങ്ങൾ മാത്രം വിതരണം ചെയ്‌ത് കൊട്ടിഘോഷിച്ച് വോട്ടുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. രാജ്യത്ത് വളർച്ച മുരടിച്ച 35.5 ശതമാനം കുട്ടികളും മതിയായ ഭാരമില്ലാത്ത 32.1 ശതമാനം കുട്ടികളും വിളർച്ച ബാധിതരായ 67.1 ശതമാനം (ആറ് മാസം മുതൽ 59 മാസം വരെ) കുട്ടികളുമുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇൗ യാഥാർഥ്യങ്ങളറിഞ്ഞുകൊണ്ടാണ് ഭക്ഷ്യധാന്യം വെട്ടിക്കുറച്ച് കോർപറേറ്റുകളുടെ ഖജനാവ് നിറയ്‌ക്കാൻ കേന്ദ്രം ശ്രമിക്കുന്നത്– അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനികാ ഘോഷ്, എഐകെഎസ് ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, സിഐടിയു ജനറൽസെക്രട്ടറി എളമരം കരീം എന്നിവർ അറിയിച്ചു.











0 comments