print edition ഫോൺ ചോർത്താൻ ഇസ്രയേൽ ‘ചാരൻ’; അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: ഫോണുകളിലെ സ്വകാര്യവിവരം ശേഖരിക്കാനും പാസ്കോഡുകൾ മറികടന്ന് അൺലോക്ക് ചെയ്യാനും ഇസ്രയേൽ കന്പനി സെലിബ്രൈറ്റിന്റെ സാങ്കേതികവിദ്യ വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇന്ത്യൻ കന്പനികൾക്ക് മുൻഗണന നൽകണമെന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ പൊതുസംഭരണ നിബന്ധനകളിൽ പ്രത്യേക ഇളവ് അനുവദിച്ചാണിത്.
മൂന്നുവർഷത്തെ ലൈസൻസോടെയുള്ള സെലിബ്രൈറ്റിന്റെ പ്രീമിയം ടൂളിന് 4.98 കോടി രൂപയാണ് ചെലവ്. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുക, ഡാറ്റാ ഡീക്രിപ്റ്റ് ചെയ്യുക തുടങ്ങിയവയും സോഫ്റ്റ്വെയറിന്റെ സവിശേഷതയാണ്. ആൻഡ്രോയിഡ് ഫോണുകളിലെയും ഐ ഫോണുകളിലെയും ഫയൽ ശേഖരിക്കാം. സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങൾ നിർവീര്യമാക്കി ആവശ്യമായ വിവരങ്ങൾ വീണ്ടെടുക്കാം.
സാങ്കേതിക സ്വയംപര്യാപ്തതയിൽ ഉൗറ്റംകൊള്ളുന്ന കേന്ദ്രസർക്കാർ നിർണായക ഫോറൻസിക് സാങ്കേതികവിദ്യക്ക് വിദേശ കന്പനിയെ ആശ്രയിക്കുകയാണ്. 2026ൽ നിരവധി കേന്ദ്ര, സംസ്ഥാന ഏജൻസികൾ സെലിബ്രൈറ്റ് ഉൽപ്പന്നങ്ങൾക്ക് ടെൻഡർ നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ സെലിബ്രൈറ്റ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും ഫോൺരേഖ ശേഖരിച്ചതായി വാർത്തയുണ്ടായിരുന്നു. ഫോണുകളിലെ വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ഐടി നിയമത്തിലെ 69ാം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഗൗരവമാണെന്നും വ്യക്തമായ മാർഗനിർദേശം വേണമെന്നും 2023ൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇസ്രയേൽ കന്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷനേതാക്കൾ, എംപിമാർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്നത് 2021ൽ വൻ വിവാദമായി. ചോർന്ന ഫോൺനന്പറുകളുടെ പട്ടികയിൽ ഇന്ത്യയിലെ മുന്നൂറിലേറെ നന്പറുകൾ ഉള്ളതായി അന്താരാഷ്ട്ര മാധ്യമസംഘം അന്വേഷണത്തിൽ കണ്ടെത്തി.









0 comments