ഇന്ധന തീരുവ വെട്ടിക്കുറച്ചു; നേട്ടം എണ്ണക്കമ്പനികൾക്ക് മാത്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം കടുക്കുന്ന സാഹചര്യത്തിൽ ആഗോള എണ്ണ വിതരണം ഇപ്പോഴും ആശങ്ക നേരിടുകയാണ്. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് അടുക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള നടപടികൾ എപ്പോഴത്തേയും പോലെ തുടരുകയാണ് കേന്ദ്ര സർക്കാർ. അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചാണ് കേന്ദ്ര സർക്കാർ വീണ്ടും എണ്ണക്കമ്പനികളെ സഹായിക്കുന്നത്.
അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം എണ്ണക്കമ്പനികൾക്ക് നേരിട്ട റെക്കോർഡ് നഷ്ടത്തെ തുടർന്നാണ് എക്സൈസ് തീരുവ കുറച്ചത്. ക്രൂഡ് ഓയിൽ വില ഈ മാസം ഏകദേശം 50 ശതമാനം വർധിച്ചു. എക്സൈസ് തീരുവ കുറക്കുന്നതിലൂടെ ഏകദേശം 7000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാവുക.
2025 ഏപ്രിലിലാണ് ഇതിന് മുമ്പ് കേന്ദ്രം അധിക എക്സൈസ് തീരുവയിൽ പരിഷ്കാരം വരുത്തിയത്. ഇതോടെ പെട്രോളിന് ചുമത്തിയിരുന്ന അധിക എക്സൈസ് തീരുവ 13 രൂപയിൽ നിന്നും 3 രൂപയായി. ഡീസലിന് ഈടാക്കിയിരുന്ന 10 രൂപ തീരുവ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പാചക വാതകത്തിന് എണ്ണക്കമ്പനികൾ വില കൂട്ടിയിരുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില എന്നും വർധിക്കുകയാണ്. ഇതിന്റെ ആഘാതം ജനങ്ങളിലേക്ക് എത്താതിരിക്കാനാണ് ഈ പുതിയ നീക്കമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇത് ഉപകാരപ്രദമാകുന്നത് എണ്ണക്കമ്പനികൾക്ക് മാത്രമാണ്. രാജ്യത്ത് ഇന്ധവില മാറ്റമില്ലാതെ തുടരുന്നതിനാൽ പൊതുമേഖല എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടം കുറക്കുന്നതിനാണ് ഇത് ഉപകരിക്കുക.










0 comments