പണമൊഴുക്കി കേന്ദ്രം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ബിഹാറിലേക്ക് പണമൊഴുക്കി എൻഡിഎ സർക്കാർ. വോട്ട് ലക്ഷ്യംവച്ച് മറ്റിടങ്ങളില്‍ ഇല്ലാത്തവിധം ബിഹാറിലേക്ക് ധനസഹായപദ്ധതികളുടെ കുത്തൊഴുക്ക്. അഞ്ചുലക്ഷം ബിരുദധാരികൾക്ക് രണ്ടുവർഷം പ്രതിമാസം 1000 രൂപവീതം നൽകുന്ന പദ്ധതി പ്രധാനമന്ത്രി ശനിയാഴ്‌ച ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. നാലുലക്ഷം രൂപവരെ പലിശരഹിത വായ്‌പ ലഭ്യമാക്കുന്ന സ്റ്റുഡന്റ്‌സ് ക്രെഡിറ്റ് കാർഡ് പദ്ധതിക്കും തുടക്കമായി.
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ പേരിലുള്ള നൈപുണ്യവികസന സർവകലാശാല, യുവാക്കൾക്കായി പുതിയ കമീഷൻ, സർവകലാശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പട്‌ന എൻഐടിയുടെ ബിഹ്‌ത ക്യാമ്പസ്, 25 ലക്ഷം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഐഐടികളുടെ നിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി എന്നിവയും മോദി ഉദ്‌ഘാടനം ചെയ്‌തു. 4000 നിയമന ഉത്തരവും കൈമാറി.
സ്‌ത്രീവോട്ടുകള്‍ അതീവ നിര്‍ണായകമായ സംസ്ഥാനത്ത് വനിതാ തൊഴിൽ പദ്ധതിയെന്ന പേരിൽ ഒരുകോടി സ്‌ത്രീകൾക്കാണ് 10,000 രൂപ വീതം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയത്. ക്ഷേമപെൻഷൻ 400ൽനിന്ന് ഒറ്റയടിക്ക് 1100 രൂപയാക്കി. 1.88 കോടി കുടുംബങ്ങൾക്ക് 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പ്രഖ്യാപിച്ചു.








0 comments