സെൻസസിനൊപ്പം ജാതി കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.
2021ൽ നടത്തേണ്ടിയിരുന്ന സെൻസസും, ജാതി സെൻസസും ഉടൻ നടത്തണമെന്ന് മധുരയിൽ ചേർന്ന സിപിഐ എം പാർടി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വികസന കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ അടിസ്ഥാന മാനദണ്ഡങ്ങളിൽ വരുന്നതും പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമന പദ്ധതികൾ നടപ്പാക്കുന്നതിൽ നിർണായകവുമായ ദേശീയ സെൻസസും ജാതിസെൻസസും നടപ്പാക്കണമെന്നാണ് പാർടി കോൺഗ്രസ് ആവശ്യപ്പെട്ടത്.
പത്തുവർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. ഇത് പ്രകാരം 2021 ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഇതുവരെയും നടത്താത്തതിൽ പാർടി കോൺഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 2020 ൽ തന്നെ ആരംഭിക്കേണ്ടിയിരുന്ന 2021 ലെ സെൻസസ് അനിശ്ചിതമായി വൈകിക്കയാണ്. ഇതിനായുള്ള അതിർത്തി നിർണയം പോലും അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. കോവിഡിന് ശേഷം മാത്രമേ സെൻസസ് പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്. എന്നാൽ നാല് വർഷത്തിന് ശേഷവും സെൻസസ് നടക്കുന്നതിന്റെ ഒരുക്കങ്ങളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ പത്ത് വർഷത്തിലൊരിക്കൽ സെൻസസ് മുടങ്ങാതെ നടത്തിവന്നിരുന്നചാണ്. 1941 ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പോലും ഇത് പാലിച്ചു.
ജനസംഖ്യാ കണക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലെ ഗാർഹിക ഡാറ്റ, കൃഷി ചെയ്യുന്ന വിഭാഗങ്ങൾ, കർഷക തൊഴിലാളികൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഡാറ്റയും സെൻസസ് വഴി ലഭിക്കുന്നതാണ്. നഗര- ഗ്രാമീണ ജനസംഖ്യ, ഭാഷാടിസ്ഥാനത്തിൽ സംസാരിക്കുന്ന ഗ്രൂപ്പുകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റ എന്നിവയും ഇത് നൽകുന്നു. ഇത് വികസനത്തിനും ചൂഷണത്തിന് എതിരായതുമായ ഡാറ്റയാണ്.
പൊതു സെൻസസിൽ എണ്ണപ്പെടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കൂടാതെ, മറ്റ് പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള ഡാറ്റയും ഇപ്പോൾ ലഭ്യമല്ല. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ ജാതി സെൻസസ് എന്ന ആവശ്യത്തെ പിന്തുണയ്ക്കുമെന്നും പാർടി കോൺഗ്രസ് പ്രഖ്യാപിച്ചു. ജാതി സെൻസസ് നടത്തണമെന്ന് ഇതര പ്രതിപക്ഷ പാർടികളും ആവശ്യപ്പെട്ടിട്ടുണ്ട്.








0 comments