print edition തൊഴിലുറപ്പിന് മരണമണി


എം അഖിൽ
Published on Dec 16, 2025, 01:40 AM | 2 min read
ന്യൂഡൽഹി :
ഗ്രാമീണ കുടുംബങ്ങളുടെ ജീവനാഡിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) അട്ടിമറിക്കാൻ ലക്ഷ്യമിട്ട് പുതിയ ബില്ലുമായി മോദി സർക്കാർ. ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ 2025ന് (വിബി ജി റാം ജി ബിൽ) പാർലമെന്റ് അംഗീകാരം നൽകുന്നതോടെ 2005ലെ എംജിഎൻആർഇജിഎ നിയമം അസാധുവാകും. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനൊപ്പം പദ്ധതിയുടെ അടിസ്ഥാനഘടന തന്നെ മാറ്റിമറിക്കുന്നതാണ് ബിൽ.
ആസൂത്രിതനീക്കത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാനായില്ല.
പദ്ധതി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കുന്ന, വൻ സാന്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തൊഴിലാളി വേതനത്തിനുള്ള ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നാണ് പുതിയ പരിഷ്‌കാരം. പദ്ധതിക്ക് പ്രതിവർഷം 1.5 ലക്ഷം കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ 55,000 കോടി മുടക്കേ
ണ്ടി വരും.
തൊഴിലുറപ്പ് പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥയില്ല. എന്നാൽ, പുതിയ ബില്ലിൽ ഏറ്റവും തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിതയും കൊയ്‌ത്തുമുൾപ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് മുൻകൂർ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് ബില്ലിൽ പറയുന്നത്.
പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം പരമാവധി ഒഴിവാക്കി മൊബൈൽ, ബയോമെട്രിക്‌സ്, ജിയോ–ടാഗിങ്, നിർമിതബുദ്ധി ഓഡിറ്റിങ്ങ് തുടങ്ങിയ നവസാങ്കേതികവിദ്യകളെ ആശ്രയിക്കാനും നിർദേശി
ക്കുന്നു.
സർവം കേന്ദ്രത്തിന്റെ കീഴിൽ
ഓരോ സാന്പത്തികവർഷവും തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാനങ്ങൾക്ക് എത്ര തുക നൽകണമെന്ന് കേന്ദ്രം നിശ്ചയിക്കും. കേന്ദ്രസർക്കാർ മാനദണ്ഡമനുസരിച്ചാണിത്. കേന്ദ്ര വിഹിതത്തിനപ്പുറമുള്ള അധിക ചെലവുകൾ സംസ്ഥാനം വഹിക്കണം. തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലില്ലായ്‌മ അലവൻസ് നൽകേണ്ട ബാധ്യതയും സംസ്ഥാനത്തിനാണ്.
കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗ്രാമീണമേഖലകളിൽ പദ്ധതി നടപ്പാക്കണമെന്ന ദുരൂഹവ്യവസ്ഥയുമുണ്ട്. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന മേഖലകളെന്ന നിർവചനത്തിൽ എല്ലാ ഗ്രാമങ്ങളും ഗ്രാമീണഭവനങ്ങളും ഉൾപ്പെടുമോയെന്നതിലും വ്യക്തതയില്ല. ലക്ഷക്കണക്കിന് കുടുംബങ്ങളെ പദ്ധതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന ആശങ്കയേറി. ഏതെല്ലാം ജോലികൾ ഏറ്റെടുക്കണമെന്ന കാര്യത്തിലും കേന്ദ്രം ഇട
പെടും.
‘പദ്ധതി ഭാവി
അപകടത്തിൽ’
പദ്ധതിയുടെ സാന്പത്തികഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുകയും അതേസമയം അതിനെ പൂർണമായും നിയന്ത്രണത്തിലാക്കാനുമാണ് കേന്ദ്രനീക്കം. പുതിയ ബില്ലിൽ തൊഴിലുറപ്പ് ദിനങ്ങൾ 100ൽനിന്ന് 125 ആക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാവി തന്നെ അപകടത്തിലാക്കുന്ന വ്യവസ്ഥകളുള്ളപ്പോൾ വർധനയ്‌ക്ക് കാര്യമായ പ്രസക്തിയില്ല. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ സമ്മർദത്തിന്റെ ഫലമായാണ് തൊഴിലുറപ്പ് പദ്ധതി യാഥാർഥ്യമായത്. 2014ൽ മോദി അധികാരമേറ്റതോടെ പദ്ധതിയെ ആസൂത്രിതമായി തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഒരോ ബജറ്റിലും വിഹിതം വെട്ടിക്കുറച്ചു.
അഞ്ചുവർഷത്തിനിടെ പദ്ധതിക്ക് നൽകിയ അന്തിമതുകയിൽ 25,000 കോടി രൂപയുടെ ഇടിവുണ്ടായി. തൊഴിൽദിനങ്ങൾ കുറഞ്ഞതിനൊപ്പം സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശികയും കുമിഞ്ഞുകൂടി. നിലവിൽ സംസ്ഥാനങ്ങൾക്ക് 9,200 കോടിയിലധികം കുടിശിക നൽകാനുണ്ട്.










0 comments