print edition നീറ്റിൽ വിയർത്ത് കേന്ദ്രം: ചോദ്യപേപ്പർ വായുസേനാ വിമാനത്തിൽ

ന്യൂഡൽഹി: ജൂൺ 21ന് നിശ്ചയിച്ച നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോരാതിരിക്കാൻ വായുസേനയെ കളത്തിലിറക്കേണ്ട ഗതികേടിൽ കേന്ദ്രസർക്കാരും ദേശീയ ടെസ്‌റ്റിങ് ഏജൻസിയും (എൻടിഎ). കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ടതോടെ വായുസേന വിമാനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ 18 കേന്ദ്രങ്ങളിൽ ചോദ്യപ്പേപ്പറെത്തിക്കാനാണ് തിരുമാനം. വിമാനത്താവളങ്ങളിൽനിന്ന് വിവിഐപി സുരക്ഷയ്‌ക്ക് സമാനമായ സന്നാഹങ്ങളോടെയാവും പരീക്ഷ നടക്കുന്ന ഇടങ്ങളിൽ ചോദ്യപ്പേപ്പർ എത്തുക. പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറും ചോർന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനഹിതമാണെന്ന് എൻടിഎ അറിയിച്ചു.
ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരെ അജ്ഞാത കേന്ദ്രത്തിൽ എൻടിഎ പാർപ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഏജൻസിയിൽ ജോലിചെയ്യുന്നവരടക്കം 13 അധ്യാപകരുടെ അറസ്‌റ്റിലേയ്‌ക്ക് നയിച്ച ചോദ്യപ്പേപ്പർ ചോർച്ച കേന്ദ്രസർക്കാരിനെതിരെയും എൻടിഎയ്‌ക്കെതിരെയും വൻ ജനരോഷത്തിന് കാരണമായിരുന്നു.










0 comments