print edition സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടി; വൈദ്യുതിക്കും ജിഎസ്‌ടി പിരിക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: വൈദ്യുതി ഉൾപ്പടെ സംസ്ഥാനങ്ങളുടെ കൂടുതൽ വരുമാന മേഖലകളെ ചരക്കുസേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിലാക്കാന്‍ കേന്ദ്രസർക്കാർ നീക്കം. ഡൽഹിയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനത്തിൽ വൈദ്യുതി, വിമാന ഇന്ധനം (എടിഎഫ്) തുടങ്ങിയവയ്ക്ക് ജിഎസ്‌ടി വേണമെന്ന കേന്ദ്ര നിർദേശം ചർച്ചയായി. സംസ്ഥാനങ്ങൾ ഈ നീക്കത്തെ ശക്തമായി എതിർത്തെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുൺ കപൂർ, 15ാം ധനകാര്യ കമീഷൻ ചെയർമാൻ എൻ കെ സിങ് ഉൾപ്പടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.
2026–2027 കേരള ബജറ്റ് പ്രകാരം വൈദ്യുതി നികുതിയും തീരുവകളും മുഖേന സംസ്ഥാനം 1,700 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ, നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ജിഎസ്‌ടി പരിധിയിയേലക്ക് വൈദ്യുതി മേഖല വന്നാൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ഇടിവുണ്ടാകും. പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി, ഭൂമി–കെട്ടിട നികുതികൾ തുടങ്ങിയവ പൂർണമായും ജിഎസ്‌ടി പരിധിയിലാക്കിയിരുന്നില്ല. വൈദ്യുതി ഉപയോഗത്തിനും വിൽപ്പനയ്‌ക്കും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. മുന്പ് ഒഴിവാക്കിയ മേഖലകളെക്കൂടി ജിഎസ്ടി പരിധിയിലേക്ക് കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ വരുമാനം ഇല്ലാതാക്കും.
വൈദ്യുതി നിരക്ക്, നികുതി, സബ്‌സിഡി തുടങ്ങിയ നയപരമായ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കുറയുമോയെന്ന ആശങ്കയുമുണ്ട്. ഭൂമി –റിയൽഎസ്‌റ്റേറ്റ് മേഖലയെകൂടി ജിഎസ്‌ടി പരിധിയിലാക്കാന്‍ ആലോചന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭൂമി രജിസ്‌ട്രേഷൻ ഫീസും സ്‌റ്റാമ്പ്‌ഡ്യൂട്ടിയും നിലവിൽ ജിഎസ്‌ടിയിൽ വരില്ല.










0 comments