print edition സെൻസസ് പ്രീ–ടെസ്റ്റ് ഇന്നുമുതൽ

ന്യൂഡൽഹി: 2027ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിലുള്ള സെൻസസ് (സെൻസസ് പ്രീ–ടെസ്റ്റ്) തിങ്കളാഴ്‌ച തുടങ്ങും. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 30 വരെയാണ് പ്രീ–ടെസ്റ്റ്.
2026 ഏപ്രിൽ ഒന്ന് മുതൽ 2027 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ട് ഘട്ടങ്ങളായാണ് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും വിലയിരുത്താനാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സെൻസസ്. ഡിജിറ്റൽ രീതിയിലാണ് സെൻസസ്. മൊബൈൽ ആപ്പുകളിലൂടെയുള്ള വിവരശേഖരണത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തുകയാണ് പ്രീ–ടെസ്റ്റിന്റെ പ്രധാന ലക്ഷ്യം. ആ വിവരങ്ങൾ ഒൗദ്യോഗിക സെൻസസ് വിവര ശേഖരണത്തിൽ ഉൾപ്പെടുത്തില്ല.
2011ലാണ് ഒടുവിൽ രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്. 2021ൽ നടത്തേണ്ട സെൻസസ് കോവിഡ് കാരണം വൈകി. എന്നാൽ, കോവിഡ് കഴിഞ്ഞിട്ടും ജനസംഖ്യാകണക്കെടുപ്പിൽ താൽപര്യം കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ നിസ്സംഗനിലപാടിന് എതിരെ പ്രതിഷേധം ശക്തമായി. തുടർന്നാണ്, ആറുവർഷത്തെ കാലതാമസത്തിനുശേഷം സെൻസസ് നടത്താൻ സർക്കാർ തീരുമാനിച്ചത്. വിവരശേഖരണത്തിനായി ഡിജിറ്റൽ ലേഒൗട്ട് മാപ്പ് (ഡിഎൽഎം),സെൻസസ് 2027 ഹൗസ്‌ലിസ്റ്റ് എന്നീ രണ്ട് മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.








0 comments