സെൻസസ് വിജ്ഞാപനമായി: ജാതി കണക്കെടുപ്പിൽ ഒളിച്ചുകളി


സ്വന്തം ലേഖകൻ
Published on Jun 17, 2025, 01:19 AM | 1 min read
ന്യൂഡൽഹി: ദേശീയ ജനസംഖ്യ കണക്കെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയപ്പോൾ ജാതി സെൻസസ് നടത്തുന്നതിൽ മിണ്ടാട്ടമില്ല. 16–-ാം സെൻസസ് രണ്ട് ഘട്ടമായി നടത്തുമെന്നാണ് തിങ്കളാഴ്‌ച പുറത്തിറങ്ങിയ ആഭ്യന്തരമന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തിലുള്ളത്. സെൻസസിനൊപ്പം ജാതി കണക്കെടുപ്പും ഉണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്‌ദാനം. ജാതി കണക്കെടുപ്പ് പരാമർശമില്ലാത്ത വിജ്ഞാപനം കേന്ദ്രത്തിന്റെ പൊള്ളത്തരം തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ജാതിസെൻസസും ഉൾപ്പെടുത്തിയുള്ള വിജ്ഞാപനമാണിതെന്ന് കേന്ദ്രറെയിൽമന്ത്രി അശ്വനി വൈഷ്‌ണവ് അവകാശപ്പെട്ടു.
2027 മാർച്ച് ഒന്നിനാണ് രാജ്യവ്യാപകമായി സെൻസസ് തുടങ്ങുക. എന്നാൽ, മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് ലഡാക്ക്, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്‌ടോബർ ഒന്നിന് തുടങ്ങും. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലും രണ്ടാംഘട്ടം ജനസംഖ്യ രേഖപ്പെടുത്തലുമാണ്. വീടുകളുടെ പട്ടികപ്പെടുത്തലിൽ ആസ്തി, കുടുംബ വരുമാനം, താമസ സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവ രേഖപ്പെടുത്തും. രണ്ടാംഘട്ടത്തിൽ കുടുംബാംഗങ്ങളുടെ സാമൂഹിക-വും സാമ്പത്തികവും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാകും ശേഖരിക്കുക. ഡിജിറ്റലായാണ് വിവരശേഖരണം.
ആർഎസ്‌എസ് സമ്മർദംമൂലമാണോ ജാതി സെൻസസിൽനിന്ന് കേന്ദ്രം പിന്മാറിയതെന്ന് കോൺഗ്രസ് ആരാഞ്ഞു. അതേസമയം, ജാതി സെൻസസിനായി നിലയുറപ്പിച്ചിരുന്ന നിതീഷ് കുമാറിന്റെ ജെഡിയു വിജ്ഞാപനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്.








0 comments