സിബിഎസ്ഇ പരീക്ഷാഫലം; വിദ്യാർഥികളുടെ ഭാവിയിൽ കേന്ദ്രത്തിന് യാതൊരു ഉത്തരവാദിത്തബോധവുമില്ലെന്ന് വീണ്ടും തെളിയിക്കുന്നു- ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷാഫലത്തിൽ ഉത്തരവാദിത്തമില്ലായ്മ അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ ലക്ഷക്കണക്കിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും യാതൊരു ഉത്തരവാദിത്തബോധവുമില്ലെന്ന് അവർ വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
സിബിഎസ്ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉയർത്തിയ പരാതികൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിശദമായ രണ്ട് കത്തുകൾ ഞാൻ അയച്ചിരുന്നു. ഓൺ-സ്ക്രീൻ മാർക്കിംഗ് രീതിയിലെ അപാകതകൾ, മൂല്യനിർണ്ണയത്തിലെ വൈരുദ്ധ്യങ്ങൾ, അവ്യക്തമായ ഉത്തരക്കടലാസുകൾ, റീവാല്യൂവേഷനിലെ സാങ്കേതിക തകരാറുകൾ തുടങ്ങി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഗൗരവകരമായി ബാധിക്കുന്ന വിഷയങ്ങളാണ് പ്രസ്തുത കത്തുകളിൽ ചൂണ്ടിക്കാണിച്ചിരുന്നത്- ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
എന്നാൽ ഇതിന് സിബിഎസ്ഇയിൽ നിന്നും ലഭിച്ച മറുപടി തികച്ചും വിചിത്രമാണ്. മറുപടി ഇപ്രകാരമാണ് - “നിങ്ങളുടെ ഉത്കണ്ഠ അറിയിച്ചതിന് നന്ദി. നിങ്ങളുടെ നിർദ്ദേശങ്ങൾ/ആശങ്കകൾ ഭാവിയിൽ പരിഗണിക്കുന്നതിനായി നോട്ട് ചെയ്തിട്ടുണ്ട് .” തങ്ങളുടെ സ്വപ്നങ്ങളും ഉപരിപഠനവും കരിയറും അനിശ്ചിതത്വത്തിലായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം, ഈ പ്രശ്നങ്ങൾ കേവലം ഭാവിയിലെ പരിഗണനയ്ക്ക് വേണ്ടിയുള്ള ഒന്നല്ല, മറിച്ച് ഈ വർഷം തന്നെ പരിഹരിക്കേണ്ടവയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വേണ്ടി ഒരു പാർലമെന്റ് അംഗം കത്ത് എഴുതുമ്പോൾ ലഭിക്കുന്ന ഔദ്യോഗിക പ്രതികരണം ഇതാണെങ്കിൽ രാജ്യത്തെ വിദ്യാർഥികളും മാതാപിതാക്കളും നേരിട്ട് നൽകുന്ന പരാതികളോട് സിബിഎസ്ഇ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് എന്നത് ആർക്കും ഊഹിക്കാവുന്നതേയുള്ളുവെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.









0 comments