ad
Deshabhimani

ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്നും 5 കോടി രൂപയും ആഡംബര കാറുകളും പിടിച്ചെടുത്തു

money seized from ips officer

photo credit: X

വെബ് ഡെസ്ക്

Published on Oct 17, 2025, 07:08 AM | 2 min read

ചണ്ഡീ​ഗഡ് : കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബിൽ ഐപിഎസ് ഓഫീസർ സിബിഐയുടെ പിടിയിൽ. ഹർചരൺ സിംഗ് ഭുള്ളറിനെയാണ് വ്യവസായിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ടതിന് പിടികൂടിയത്. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. 5 കോടി രൂപ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ കൂടുതൽ തുക വീട്ടിലുണ്ടെന്ന് സിബിഐ അറിയിച്ചതായാണ് വിവരം. പണത്തിനു പുറമെ ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ എന്നിവയുൾപ്പെടെ കണ്ടെത്തി. പഞ്ചാബിലെ റോപ്പർ റേഞ്ചിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ആണ് ഹർചരൺ സിംഗ് ഭുള്ളർ.


വീട്ടിൽ നിന്ന് അഞ്ച് കോടി രൂപ കണ്ടെത്തി. 1.5 കിലോ സ്വർണ്ണവും ആഭരണങ്ങളും, പഞ്ചാബിലുടനീളമുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ, മെഴ്‌സിഡസ്, ഔഡി എന്നീ ആഡംബര വാഹനങ്ങൾ, 22 ആഡംബര റിസ്റ്റ് വാച്ചുകൾ, വിവിധ ലോക്കറുകളുടെ താക്കോലുകൾ, 40 ലിറ്റർ ഇറക്കുമതി ചെയ്ത മദ്യം, ഡബിൾ ബാരൽ ഷോട്ട്ഗൺ, പിസ്റ്റൾ, റിവോൾവർ, എയർഗൺ എന്നിവയുൾപ്പെടെയുള്ള തോക്കുകളും മറ്റ് ഉപകരണങ്ങളും എന്നിവ ഡിഐജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.


DIG_jewelleryphoto credit: X


2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരൺ സിംഗ് ഭുള്ളറും ഇടനിലക്കാരനായി പ്രവർത്തിച്ച കൃഷ്ണ എന്ന വ്യക്തിയും അറസ്റ്റിലായി. ഒരു പ്രാദേശിക ബിസിനസുകാരനെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ ഈ ഇടനിലക്കാരൻ വഴിയാണ് കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും. പിന്നീടും നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി സിബിഐ പറഞ്ഞു. പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ വ്യാപാരി ആകാശ് ബട്ട, അഞ്ച് ദിവസം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി നൽകിയില്ലെങ്കിൽ കേസിൽ തന്നെ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് പ്രതിമാസം സെറ്റിൽമെന്റ് പേയ്‌മെന്റുകൾ നടത്തുകയും ചെയ്തു.


dig money seizedphoto credit: X


സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ഭുള്ളർ തന്റെ സഹായി കൃഷ്ണ വഴിയാണ് പണം സ്വീകരിച്ചത്. ചണ്ഡീഗഡിലെ സെക്ടർ 21 ൽ വച്ച് പരാതിക്കാരനിൽ നിന്ന് 8 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കൃഷ്ണയെ പിടികൂടുകയായിരുന്നു. കൈമാറ്റം നടന്നയുടനെ പരാതിക്കാരനും ഡിഐജിയും തമ്മിൽ ഫോൺ സംഭാഷണം നടന്നു. അതിൽ പണം ലഭിച്ചതായി ഉദ്യോഗസ്ഥൻ സമ്മതിക്കുകയും ഇരുവരോടും തന്റെ ഓഫീസിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, സിബിഐ സംഘം ഡിഐജി ഭുള്ളറെ മൊഹാലിയിലെ ഓഫീസിൽ എത്തി ഭുള്ളറെ അറസ്റ്റ് ചെയ്തു.


ഇടനിലക്കാരൻ കൃഷ്ണയുടെ വീട്ടിൽ നിന്ന് സിബിഐ 21 ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഭുള്ളറിനെയും കൃഷ്ണയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വത്തുക്കളുടെ മുഴുവൻ വ്യാപ്തിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.


dig money and watchphoto credit: X




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home