ad
Deshabhimani

ബിജെപി സര്‍ക്കാരുകൾക്ക് കീഴിൽ നടന്ന വൻ വെട്ടിപ്പ്

ഐഡിഎഫ്‌സി, എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ്; 661 കോടിയുടെ സർക്കാർ ഫണ്ട് വെട്ടിച്ച കേസിൽ സിബിഐ റെയ്ഡ്

idfc
വെബ് ഡെസ്ക്

Published on Jun 07, 2026, 10:41 AM | 2 min read

ന്യൂഡൽഹി:ചണ്ഡീഗഢ്, ഹരിയാന സർക്കാർ വകുപ്പുകളിൽ നിന്നും ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 661 കോടി രൂപയുടെ പൊതു ഫണ്ട് വകമാറ്റി അടിച്ചുമാറ്റിയ കേസിൽ സിബിഐ റെയിഡ്. ഡൽഹി-എൻസിആർ, ചണ്ഡീഗഢ്, പഞ്ച്കുല എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളിൽ സിബിഐ ഒരേസമയം മിന്നൽ പരിശോധന നടത്തി.


ഹരിയാന കേഡറിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപം കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, അതിന്റെ ഡയറക്ടർ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ്.


തട്ടിപ്പിന് പിന്നിലെ ബാങ്ക് പങ്കാളിത്തം


ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു ഫിനാൻസ് ബാങ്ക് എന്നിവടങ്ങളിൽ നിക്ഷേപിച്ചിരുന്ന സർക്കാർ ഫണ്ടുകളാണ് വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തട്ടിപ്പിന് പിന്നിലെന്ന് സിബിഐ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരുമായി ചേർന്ന് പുതിയ അക്കൗണ്ടുകൾ തുറക്കാനും, അതിലേക്ക് സർക്കാർ പണം കൈമാറാനും, പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റാനും സൗകര്യമൊരുക്കി.


തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം വിപം കൺസൾട്ടൻസി കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. പിന്നീട് ഈ തുക കമ്പനി ഡയറക്ടറുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


ഹരിയാന സർക്കാരിന്റെ എട്ട് വകുപ്പുകളെയും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തെ രണ്ട് പ്രമുഖ വകുപ്പുകളെയുമാണ് ഈ സാമ്പത്തിക തട്ടിപ്പ് ബാധിച്ചിരിക്കുന്നത്. ഹരിയാന പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഹരിയാന സ്കൂൾ ശിക്ഷാ പരിയോജനാ പരിഷത്ത് ഉൾപ്പെടെയുള്ള 8 വകുപ്പുകൾ കൊള്ളയ്ക്ക് ഇരയായി. ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷൻ, ചണ്ഡീഗഢ് റിന്യൂവബിൾ എനർജി ആൻഡ് സയൻസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ സൊസൈറ്റി എന്നിവയുടെ ഫണ്ടുകളും ഇങ്ങനെ വെട്ടിച്ചു.


ബിജെപി ഭരണത്തിന് കീഴിൽ

കൊഴുത്ത അഴിമതി


2026 ഫെബ്രുവരിയിലാണ് ഈ തട്ടിപ്പ് പുറത്തുവരുന്നതും അന്വേഷണം ആരംഭിക്കുന്നതും. ഹരിയാന സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ചണ്ഡീഗഢ് ഇക്കണോമിക് ഒഫൻസ് വിങ് എന്നിവർ നേരത്തെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ ഏറ്റെടുത്താണ് സിബിഐ നിലവിൽ അന്വേഷണം നടത്തുന്നത്. ക്രിമിനൽ ഗൂഢാലോചന, പൊതുപണം ദുരുപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


തട്ടിപ്പ് നടന്ന തുടക്കകാലത്ത് ഹരിയാനയിൽ മനോഹർ ലാൽ ഘട്ടർ ആയിരുന്നു മുഖ്യമന്ത്രി. തുടർന്ന് 2024 മാർച്ചിൽ നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2024 ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി അധികാരം നിലനിർത്തുകയും നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ഈ കാലയളവുകളിൽ എല്ലാം വെട്ടിപ്പ് തുടര്‍ന്നു.


ചണ്ഡീഗഢ് കേന്ദ്രഭരണത്തിന് കീഴിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് ഭരണനിര്‍വ്വഹണം. തട്ടിപ്പ് ബാധിച്ച ഡിപ്പാർട്ട്മെന്റുകളിൽ ഒന്നായ ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷനിൽ ഈ കാലയളവിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യത്തിന്റെ ഭരണമായിരുന്നു നിലവിലുണ്ടായിരുന്നത്.


കേസുമായി ബന്ധപ്പെട്ട് ഹരിയാന പവർ ജനറേഷൻ കോർപ്പറേഷൻ, സ്കൂൾ ശിക്ഷാ പരിയോജനാ പരിഷത്ത് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന ആദ്യ കുറ്റപത്രം പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ കൂട്ടുപിടിച്ച് പണം തട്ടിയതിന്റെ കൃത്യമായ രീതി ഇതിൽ വിവരിച്ചിട്ടുണ്ട്. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുമെന്നും സിബിഐ പറയുന്നു.


സിബിഐ റിപ്പോര്‍ട് പ്രകാരം ഈ തട്ടിപ്പ് 2024 മുതൽ തന്നെ ആരംഭിച്ചിരുന്നു.


തട്ടിപ്പുകളുടെ നാൾവഴി


  • 2024 ജൂലൈ: ഹരിയാന ധനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിവിധ സർക്കാർ പദ്ധതികളുടെ (ഉദാഹരണത്തിന് MMGAY-2.0) ഫണ്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ തുടങ്ങി.

  • 2025 സെപ്റ്റംബർ: ഐഡിഎഫ്‌സി, എയു ഫിനാൻസ് ബാങ്കുകളുടെ ചണ്ഡീഗഢ്, പഞ്ച്കുല ബ്രാഞ്ചുകളിലേക്ക് കോടിക്കണക്കിന് രൂപ സർക്കാർ ഫണ്ടായി എത്തി. ഇവിടെ വെച്ചാണ് വ്യാജ ഒപ്പുകളും രേഖകളും ചമച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം വകമാറ്റിയത്.

  • 2026 ജനുവരി - ഫെബ്രുവരി: സർക്കാർ വകുപ്പുകൾ ഈ ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് പണം അക്കൗണ്ടുകളിൽ ഇല്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് ഹരിയാന സർക്കാർ അന്വേഷണ സമിതിയെ വെച്ചു. അഴിമതി വിവാദം പുറത്തായതോടെ പിടിച്ചു നിൽക്കാൻ കഴിയാതെയായി. കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home