അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി; രണ്ട് ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ

ലഖ്‌നൗ: 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇഡി ലഖ്‌നൗ സോണൽ ഓഫീസിലെ എൻഫോഴ്സ്മെന്റ് ഓഫീസർ ദീപക് കുമാർ, ഹെഡ് കോൺസ്റ്റബിൾ മനോജ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇഡി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ പിതാവിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായി ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി.
2026 ആഗസ്തിലും സെപ്റ്റംബറിലും രണ്ട് സമൻസ് ലഭിച്ച ഇഡി കേസുമായി ബന്ധപ്പെട്ട് ഹെഡ് കോൺസ്റ്റബിൾ പരാതിക്കാരന്റെ പിതാവിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടർന്ന് 2026 ഒക്ടോബർ 23 നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിബിഐ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഓഫീസർക്ക് വേണ്ടി 5 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടയിൽ ഹെഡ് കോൺസ്റ്റബിൾ മനോജ് ദ്വിവേദിയെ സിബിഐ സംഘം കൈയോടെ പിടികൂടുകയായിരുന്നു.
ഇഡിയിൽ ഡെപ്യൂട്ടേഷനിലായിരുന്നു ഹെഡ് കോൺസ്റ്റബിൾ. കൈക്കൂലി ഇടപാടിൽ ഇയാൾ പ്രധാന പങ്കു വഹിച്ചതായി സിബിഐ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.









0 comments