അഭിമന്യു വധക്കേസ്; കുത്തിയവരെ തിരിച്ചറിഞ്ഞിരുന്നുവെന്ന് മൂന്നാം സാക്ഷി അർജുൻ

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു വധക്കേസിൽ മൂന്നാം സാക്ഷി അർജുൻ കൃഷ്‌ണയുടെ പ്രതിഭാഗം വിസ്‌താരം വെള്ളിയാഴ്‌ചയും തുടർന്നു. അഭിമന്യുവിനെയും തന്നെയും കുത്തിയയാളെയും അഭിമന്യുവിനെ പിടിച്ചുവച്ചയാളെയും മറ്റൊരു പ്രതിയേയും അറസ്റ്റിന് ശേഷം താൻ നേരിൽ തിരിച്ചറിഞ്ഞിരുന്നുവെന്ന് അർജുൻ മൊഴി നൽകി. പ്രതികളുടെയും പ്രതികളല്ലാത്തവരുടെയും ചിത്രങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
പ്രതികളുടെ ലക്ഷണങ്ങളോ വേഷത്തിന്റെയോ ഫോട്ടോയുടെ പ്രത്യേകതകളോ പൊലീസ് പറഞ്ഞുതന്നിരുന്നില്ല. അന്ന് കണ്ട മുഖങ്ങൾ ഓർത്ത് തിരിച്ചറിഞ്ഞതാണ്. തന്നെ കുത്തിയ ആളെയും അഭിമന്യുവിനെ കുത്തിയ വ്യക്തിയേയും ഫോട്ടോയിൽ നിന്നും തിരിച്ചറിഞ്ഞ് മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചിരുന്നു- അർജുൻ മൊഴി നൽകി.
തിരിച്ചറിയൽ പരേഡിൽ പ്രതികളുടെ ചിത്രങ്ങൾ താൻ പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. പൊലീസ് പ്രതികളുടെ ഫോട്ടോകൾ ഫോണിൽ അയച്ചുതന്നിരുന്നോ എന്ന ചോദ്യത്തോട് ‘ഇല്ല’ എന്നായിരുന്നു മറുപടി. ബി രാമൻ പിള്ളയാണ് അർജുനെ വിസ്‌തരിച്ചത്. ശനിയും വിസ്‌താരം തുടരും. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിക്കുന്നത്.
പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അർജുൻ കൃഷ്‌ണയെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. പരിക്കേറ്റ് ബോധം നഷ്ടപ്പെട്ടിരുന്നതായും 12 ദിവസത്തിനുശേഷമാണ് കാര്യങ്ങൾ ശരിയായി ബോധ്യംവന്നതെന്നും അർജുൻ കഴിഞ്ഞ സാക്ഷിവിസ്‌താരത്തിൽ പറഞ്ഞു. ഒരുമാസത്തോളം സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഭിമന്യു കൊല്ലപ്പെട്ട വിവരം ആശുപത്രി വാസത്തിനുശേഷം അമ്മ പറഞ്ഞാണ് അറിഞ്ഞതെന്നും അർജുൻ മൊഴി നൽകി. മാനസികസംഘർഷം കുറയ്‌ക്കണമെന്ന് വിദഗ്‌ധോപദേശം ലഭിച്ചിരുന്നതിനാൽ അഭിമന്യു മരിക്കാനിടയായ സംഭവം സുഹൃത്തുക്കളോട് സംസാരിച്ചിരുന്നില്ല. പ്രതികളുടെ ഫോട്ടോ കണ്ട് തിരിച്ചറിയാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനുമുന്നിൽ ചെന്നപ്പോഴാണ് സംഭവത്തിൽ പരിക്കേറ്റവരെ പിന്നീട് കണ്ടതെന്നും അർജുൻ പറഞ്ഞു.









0 comments