Deshabhimani

ഇഎസ്‌എ; പത്തനംതിട്ടയിലെ ഏഴുവില്ലേജുകളെയും ഒഴിവാക്കണം; സിപിഐ എം ഹർത്താൽ ആരംഭിച്ചു

Shutters Closed Hartal Strike
വെബ് ഡെസ്ക്

Published on Oct 24, 2026, 08:29 AM | 1 min read

ചിറ്റാർ: പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു. ചിറ്റാർ, സീതത്തോട്, കൊല്ലമുള, പെരുനാട്, അരുവാപ്പുലം, വടശ്ശേരിക്കര, തണ്ണിത്തോട് വില്ലേജുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ​അവശ്യസർവീസുകളായ ആശുപത്രി, ആംബുലൻസ്, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.


സെപ്തംബർ 24ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിൽ ജില്ലയിലെ ഇ‍ൗ ഏഴു വില്ലേജിനെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായും ഉൾപ്പെടുത്തിയിരിക്കുകയാണ്‌. നിലവിൽ ഈ മേഖലയിൽ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയാത്ത സ്ഥിതിയുണ്ട്. വന്യമൃഗ സങ്കേതമാകുന്നതോടെ ജനങ്ങൾ വെറും കൈയോടെ നാടുവിടേണ്ടി വരും.


മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയെയും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരെയും കണ്ട് ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തത്‌ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. യുഡിഎഫിന്റെ എംഎൽഎമാർ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പോലും തയ്യാറായിട്ടില്ല. ജില്ലയിലെ എംപിയും ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാത്തതും ചർച്ചയാണ്‌.


ജനിച്ചുവളർന്ന മലയോരമണ്ണിൽ ജീവിതം ദുരിതത്തിലാക്കുന്ന പരിസ്ഥിതിലോല നിയമത്തിൽനിന്നും ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താൽ ജനങ്ങൾ വിജയിപ്പിക്കണമെന്ന്‌ സിപിഐ എം അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home