Deshabhimani

വീശിയടിച്ച് ഓസ്റ്റൻ ചുഴലിക്കാറ്റ്: ഫ്രാൻസിലും യുകെയിലും കനത്ത നാശനഷ്ടം

uk
വെബ് ഡെസ്ക്

Published on Oct 24, 2026, 08:46 AM | 1 min read

പാരിസ്: 'ഓസ്റ്റൻ'ചുഴലിക്കാറ്റിനെ തുടർന്ന് ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം. ഫ്രാൻസിൽ മൂന്ന് ലക്ഷത്തോളം വീടുകളിലും യുകെയിൽ പതിനായിരക്കണക്കിന് വീടുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറിൽ 179 കിലോമീറ്റർ വരെ വേഗതയിലാണ് മേഖലയിൽ കനത്ത കാറ്റും മഴയും വീശിയടിച്ചത്.


ഫ്രാൻസിലെ നോർമണ്ടി, ബ്രിട്ടാനി മേഖലകളിലായി 3,00,000ത്തോളം വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബ്രിട്ടനിൽ 12,000ത്തിലധികം വീടുകളിൽ പവർ കെട്ട് അനുഭവപ്പെട്ടു. റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഫ്രാൻസിലെ നോർമണ്ടി മേഖലയിലെ മുഴുവൻ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. പാരിസിലെ സബർബൻ ട്രെയിൻ സർവീസുകളെയും കാറ്റ് സാരമായി ബാധിച്ചു.


പാരിസിലെ പ്രധാന വിമാനത്താവളമായ ഷാൾ ഡി ഗോളിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഒർലി വിമാനത്താവളത്തിലേക്കും മറ്റ് സമീപ രാജ്യങ്ങളിലേക്കും തിരിച്ചുവിട്ടു. ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഫ്രഞ്ച് കാലാവസ്ഥാ ഏജൻസി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഓസ്റ്റൻ ചുഴലിക്കാറ്റിന് പിന്നാലെ വരാന്ത്യത്തോടെ 'ബോലോ' എന്ന പേരിൽ രണ്ടാമതൊരു കാറ്റ് കൂടി ബ്രിട്ടനിലേക്ക് എത്തിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 മൈൽ വരെ വേഗതയുള്ള കാറ്റും ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home