കോഴിക്കോട് അതിഥി തൊഴിലാളി മുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

കോഴിക്കോട്: അതിഥി തൊഴിലാളിയെ മുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാൾഡ ഹരിശ്ചന്ദ്രപൂർ ബാഗുവ സോനാക്കോൾ പോസ്റ്റ് സ്വദേശിയായ നബിഉൽ ഹസൻ (21) ആണ് കൊല്ലപ്പെട്ടത്. നരിക്കുനി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന 'സുൽത്താൻ പാലസ്' ഹോട്ടലിലെ ജീവനക്കാരനായിരുന്നു നബിഉൽ ഹസൻ.
ജോലി കഴിഞ്ഞ് ഇയാൾ താമസിച്ചിരുന്ന നരിക്കുനി-പൂനൂർ റോഡിൽ തെച്ചോട്ടുള്ള വാടക കെട്ടിടത്തിലെ മുറിയിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ച നബിഉൽ ഹസന്റെ മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വാടക മുറിയിലെ വൈദുതി കണക്ഷനിലോ ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഉണ്ടായ തകരാറാണോ അപകടത്തിന് കാരണമായത് എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നു.









0 comments