പ്രത്യേക കമ്പനി രൂപീകരിച്ച് സൈബര്‍ തട്ടിപ്പ്, ഡയറക്ടര്‍മാര്‍ സിബിഐ വലയിലായി

ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ നടത്തുന്നതിനായി മാത്രം കമ്പനി രൂപീകരിക്കുകയും നൂറുകണക്കിന് സിം കാർഡുകൾ ഉപയോഗിച്ച് സിം ബോക്സ് സാങ്കേതിക വിദ്യവഴി തട്ടിപ്പ് നടത്തുകയും ചെയ്ത രണ്ട് യുവാക്കൾ സിബിഐ കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നോയിഡയിലും മീററ്റിലുമായി ആറ് ഇടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ പിടികൂടിയത്.
2025 ജനുവരിയിൽ ഇവർ ഒരു വ്യാജ കമ്പനി രജിസ്റ്റർ ചെയ്തു. കമ്പനിയിലെ ജീവനക്കാർക്ക് ഉപയോഗിക്കാനെന്ന പേരിൽ 108 സിം കാർഡുകൾ ഒന്നിച്ച് വാങ്ങി. ഈ സിം കാർഡുകൾ 'സിം ബോക്സ്' (SIM Box) എന്ന സാങ്കേതികവിദ്യയിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഒരേസമയം നൂറുകണക്കിന് സിം കാർഡുകൾ ഒരു ചെറിയ ബോക്സിനുള്ളിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണമാണിത്. ഇത് ഉപയോഗിച്ച് ഇന്റർനെറ്റ് വഴി നടത്തുന്ന കോളുകളെ (VoIP) സാധാരണ ഫോൺ കോളുകളായി മാറ്റാൻ സാധിക്കും. വിളിക്കുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുന്നത് ഇത് പ്രയാസമാക്കുന്നു.
അറസ്റ്റിലായവർ ഈ സിം കാർഡുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരോ പോലീസോ ആണെന്ന് വ്യാജേന ആളുകളെ വിളിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു. ദേശീയ സൈബർ ക്രൈം പോർട്ടലിൽ (NCRP) വന്ന നിരവധി പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തായത്.
പരിശോധനയിൽ ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് പുറമെ നേപ്പാളിൽ നിന്നുള്ള വിദേശ സിം കാർഡുകളും സിബിഐ കണ്ടെടുത്തു. ഇവര്‍ക്കായി കൃത്യമായ പരിശോധന കൂടാതെ സിം കാർഡുകൾ അനുവദിച്ച ടെലികോം കമ്പനിയിലെ ചില ജീവനക്കാരും ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണ്.










0 comments