കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ദുരിതാവസ്ഥ: ഉടൻ പരിഹാരമില്ലെന്ന് മന്ത്രി

തൃശൂര്‍
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ ഉടനെ പരിഹരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഡിപ്പോ കേന്ദ്രീകരിച്ച് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച്, യോഗം ചേര്‍ന്നശേഷമേ പ്രശ്‌നം പരിഹരിക്കാനാവു. തൃശൂർ പ്രസ്‌ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് ഈ മാസം ഒന്നിന് നിയമസഭയിൽ മന്ത്രി സി പി ജോണ്‍ ഉറപ്പുനല്‍കിയിരുന്നു. അതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോൾ മന്ത്രി നടത്തിയത്. ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച്, യോഗം ചേരാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരും. കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികൾക്ക് പിന്നെയും സമയമെടുക്കും. ഫലത്തിൽ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിലവിലെ അവസ്ഥ അനന്തമായി തുടരും. മഴയായാലും വെയിലായാലും സുരക്ഷിതമായി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ളത്. യാത്രക്കാർ നില്‍ക്കുന്നയിടങ്ങളിലും ബസ് പാര്‍ക്ക് ചെയ്യുന്നയിടങ്ങളിലും ചെറിയ മഴ പെയ്‌താൽ പോലും വെള്ളവും ചെളിയും നിറയും. കെട്ടിനില്‍ക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ല. വെയിലാണെങ്കില്‍ ചൂടില്‍ വെന്തുരുകുകയേ നിവൃത്തിയുള്ളൂ. സ്റ്റാന്‍ഡിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യവും ശുചിത്വവും ഉറപ്പാക്കുക, യാത്രക്കാരുടെ സേവനങ്ങള്‍, കാന്റീന്‍ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതല. സ്പോണ്‍സര്‍ഷിപ്, സിഎസ്ആര്‍, പൊതുജന സംഭാവനകള്‍ എന്നിവ വഴി വിഭവ സമാഹരണം നടത്തണം. നിലവിലുള്ള നവീകരണ പദ്ധതി പൂർത്തീകരിക്കുന്നതിന് പകരം , കമ്മിറ്റി രൂപീകരണത്തിന്റെ പേരിൽ നീട്ടി കൊണ്ടു പോവുന്നതിൽ പ്രതിഷേധത്തിലാണ് യാത്രക്കാര്‍.










0 comments