ad
Deshabhimani

print edition വനംവകുപ്പ്‌ യോഗം പ്രഹസനം: ചക്ക ശേഖരിച്ച്‌ കാട്ടാനയെ തടയുമെന്ന്‌ മന്ത്രി

shibu baby john
avatar
ബിമൽ പേരയം

Published on Jul 22, 2026, 12:36 AM | 1 min read

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ വനംവകുപ്പ്‌ കണ്ടെത്തിയ പോംവഴി ചക്കശേഖരണം. ചക്കയുടെ മണം വന്നാൽ ആന വരുമെന്നും അടുത്ത സീസണിൽ ചക്ക വനംവകുപ്പ്‌ ശേഖരിക്കുമെന്നുമാണ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഗ്ദാനം. പൊടിച്ചക്ക (ഇടിച്ചക്ക)യാകുമ്പോഴേ ശേഖരിക്കാനാണ് തീരുമാനം. നഷ്‌ടമുണ്ടായാലും മുന്നോട്ടുപോകുമെന്നും മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ചേർന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു.


യുഡിഎഫ്‌ സർക്കാർ ഭരണമേറ്റെടുത്തശേഷം എട്ടുപേരാണ്‌ കാട്ടാന ആക്രമണത്തിൽ മരിച്ചത്‌. വനം ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചുചേർത്ത്‌ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്നതിലും സർക്കാർ പാളി. യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ മനുഷ്യ–വന്യജീവി സംഘർഷം ഉടൻ പരിഹാരമെന്ന് പറഞ്ഞവരുടേതാണ് മലക്കംമറിച്ചിൽ. ഒറ്റമൂലി കൈയിലില്ലെന്നായിരുന്നു കാട്ടാന ആക്രമണ മരണത്തിലെ വനംമന്ത്രിയുടെ ആദ്യ പ്രതികരണം. കാട്ടാന ആക്രമണം, പാമ്പുകടിമരണം എന്നിവ പ്രതിരോധിക്കാനാകാതെ കൂടുതൽ സമയം വേണമെന്ന ഉരുണ്ടുകളിയിലാണ്‌ സർക്കാർ.


മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും ഒട്ടേറെ നടപടികളാണ്‌ മുൻസർക്കാർ എടുത്തത്‌. 2024ൽ മനുഷ്യ–വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാൻ തടസ്സമാകുന്ന വ്യവസ്ഥകൾ മാറ്റാൻ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാനുള്ള ബില്ലും പാസാക്കി. എന്നാൽ, രാഷ്‌ട്രപതിയുടെ മുന്പിലുള്ള ബില്ലിൽ കേന്ദ്ര അംഗീകാരം നേടിയെടുക്കാൻ യുഡിഎഫ് ശ്രമിക്കുന്നില്ല. മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ ആക്രമണകാരികളായ വന്യജീവികളെ കൊല്ലാനുള്ള അനുമതിയാണ്‌ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌.


ബില്ലിന് അനുമതി ലഭിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. രാഷ്ട്രപതി ആവശ്യപ്പെട്ട വിവരങ്ങളിൽ സംസ്ഥാനം മറുപടി നൽകിയിട്ടില്ല. ഇത്‌ ബിൽ നിരസിക്കാനിടയാക്കും. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ ഇടപെട്ടാൽ മനുഷ്യ–വന്യജീവി സംഘർഷത്തിന്‌ പരിഹാരം കാണാനാകുമെന്നിരിക്കെ ശാസ്‌ത്രീയപഠനംപോലും നടത്താതെ ചക്കവെട്ടി പരിഹരിക്കാനുള്ള പാഴ്ശ്രമത്തിലാണ് സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home