ad
Deshabhimani

ഹണി ട്രാപ്പ് കേന്ദ്രങ്ങളിലേക്ക് മനുഷ്യക്കടത്ത്; സംഘത്തലവൻ സിബിഐ കസ്റ്റഡിയിൽ

Arrest
വെബ് ഡെസ്ക്

Published on Mar 27, 2026, 10:31 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി മ്യാന്മറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ സി ബി ഐ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി സുനിൽ നെല്ലാത്ത് രാമകൃഷ്ണനാണ് പിടിയിലായത്. കൃഷ് എന്ന പേരിലാണ് ഇയാൾ സംഘാംഗങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.


ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇയാൾ നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജോലി തേടിയെത്തുന്നവരെ മ്യാന്മറിലെ മ്യാവാഡി മേഖലയിലുള്ള കെ കെ പാർക്ക് പോലുള്ള സൈബർ സ്ലേവറി കേന്ദ്രങ്ങളിലേക്കാണ് സംഘം എത്തിച്ചിരുന്നത്. തായ്ലൻഡിൽ ലാഭകരമായ തൊഴിലവസരങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവാക്കളെ വലയിൽ പെടുത്തുന്നത്.


ഡൽഹിയിൽ നിന്ന് യാത്രക്കാരെ ബാങ്കോക്കിലെത്തിച്ച ശേഷം രഹസ്യമായി മ്യാന്മറിലേക്ക് കടത്തുകയും സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. ഇരകളെ ഡിജിറ്റൽ അറസ്റ്റ്, റൊമാൻസ് തട്ടിപ്പ്, ക്രിപ്റ്റോകറൻസി നിക്ഷേപ തട്ടിപ്പ് എന്നിവയുൾപ്പെടെ ആഗോളതലത്തിൽ വിവിധ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാക്കി.


തട്ടിക്കൊണ്ടുപോകപ്പെട്ടവർ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കപ്പെടുകയും നിരന്തരമായ ഭീഷണിക്കും ശാരീരിക-മാനസിക പീഡനത്തിനും ഇരയാകുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.


2025 മാർച്ചിലും നവംബറിലും തായ്ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ഇരകളുമായി നടത്തിയ വിശദമായ അഭിമുഖത്തിൽ നിന്നാണ് സൈബർ സ്ലേവറി കേന്ദ്രങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിന്റെ രീതി സി ബി ഐ പിന്തുടര്‍ന്ന് കണ്ടെത്തിയത്. തുടര്‍ന്ന്, മനുഷ്യക്കടത്ത് ശൃംഖലയിലെ പ്രധാന സംഘാടകനും ആസുത്രകനുമാണ് സുനിൽ എന്ന് കണ്ടെത്തി.


പ്രതി കുറച്ചു കാലമായി സിബിഐയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. വിദേശ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ മ്യാന്മറിലെയും കംബോഡിയയിലെയും കടത്ത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായും സി ബി ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home