ad
Deshabhimani

മഹാരാഷ്ട്രയിൽ ഗുരുതര വീഴ്ച

പത്താം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയത് ആറാം ക്ലാസുകാർ, ദൃശ്യങ്ങൾ പുറത്ത്

maharashtra 10th paper 6th class
വെബ് ഡെസ്ക്

Published on Mar 12, 2026, 12:18 PM | 1 min read

മുംബൈ: പരീക്ഷാക്കാലത്തെ പിരിമുറുക്കങ്ങൾക്കിടയിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കി മഹാരാഷ്ട്രയിൽ നിന്നൊരു വാർത്ത. പത്താം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷാ ഉത്തരക്കടലാസുകൾ ആറാം ക്ലാസുകാർ മൂല്യനിർണയം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവത്തിൽ രക്ഷിതാക്കൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.


മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഫാൽട്ടാൻ തഹസിലിലാണ് സംഭവം നടന്നത്. വിദാനിയിലെ ഉത്തരേശ്വർ ഹൈസ്കൂളിലെ അധ്യാപകൻ വൈഭവ് ഷെൻഡെയാണ് പത്താം ക്ലാസിലെ മറാത്തി പേപ്പറുകൾ ആറാം ക്ലാസ് വിദ്യാർഥിനികളെക്കൊണ്ട് പരിശോധിപ്പിച്ചത്. അധ്യാപകൻ കുട്ടികൾക്കൊപ്പം ഇരുന്ന് ഉത്തരക്കടലാസുകൾ നോക്കുന്ന സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.


വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം അശ്രദ്ധമായ നടപടികൾ ബോർഡ് മൂല്യനിർണ്ണയ പ്രക്രിയയെക്കുറിച്ച് തന്നെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സ്കൂൾ അധികൃതർക്കും അധ്യാപകൻ വൈഭവ് ഷെൻഡെയ്ക്കുമെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും സ്കൂൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


നിലവിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (MSBSHSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്തിവരികയാണ്. ഫെബ്രുവരി പത്തിന് തുടങ്ങിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 20ന് തുടങ്ങിയ പത്താം ക്ലാസ് പരീക്ഷയും മാർച്ച് 18നാണ് അവസാനിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home