ad
Deshabhimani

print edition സര്‍വകലാശാലകളിലെ ജാതിവിവേചനം: പരാതിയിൽ 118 ശതമാനം വര്‍ധന

Caste-based harassment
വെബ് ഡെസ്ക്

Published on Jan 19, 2026, 02:16 AM | 1 min read


ന്യൂഡൽഹി

രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ ജാതിവിവേചനം രൂക്ഷമാകുന്നെന്ന്‌ വ്യക്തമാക്കി യുജിസിയുടെ റിപ്പോര്‍ട്ട്‌. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സർവകലാശാലകളിലും കോളേജുകളിലും ജാതിവിവേചന പരാതികള്‍​ 118.4 ശതമാനം വർധിച്ചു. പാർലമെന്ററി സമിതിക്കും സുപ്രീംകോടതിക്കും യുജിസി കൈമാറിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.


2019 –20 മുതൽ 2023–24 വരെയുള്ള കാലയളവിൽ രാജ്യത്തെ 704 സർവകലാശാലകളിൽനിന്നും 1553 കോളേജുകളിൽ നിന്നും തുല്യഅവസര സെല്ലുകള്‍, എസ്‍സി, എസ്‍ടി സെല്ലുകള്‍ എന്നിവ മുഖേന യുജിസിക്ക്‌ 1,160 പരാതിയാണ്‌ കിട്ടിയത്‌. ഇതിൽ 1052 എണ്ണം പരിഹരിച്ചതായി യുജിസി അവകാശപ്പെടുന്നു. 2019 –20ൽ ജാതിവിവേചനത്തിന്റെ പേരിലുള്ള പരാതികൾ 173 ആയിരുന്നത്‌ 2023 –24ൽ 378 ആയി. 2020 –21ൽ 182, 2021 –22ൽ 186, 2022 –23ൽ 241 എന്നിങ്ങനെ ഒരോ വർഷങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചന പരാതികളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകൾ പറയുന്നു.


ജാതിവിവേചന പരാതികൾ പരിഹരിക്കാനുണ്ടാക്കിയ സമിതികളിൽ അധികവും അധികൃതരുടെ പൂർണനിയന്ത്രണത്തിലാണെന്നും അതുകൊണ്ട്‌ അവർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്‌. പരാതികളുടെ കണക്കുകൾ സമർപ്പിക്കാൻ കഴിഞ്ഞവര്‍ഷം ജനുവരിയിൽ സുപ്രീംകോടതി യുജിസിക്ക്‌ നിർദേശം നൽകിയിരുന്നു. കടുത്ത ജാതിവിവേചനത്തെ തുടർന്ന്‌ 2016 ജനുവരി 17ന് ആത്മഹത്യ ചെയ്‌ത ഹൈദരാബാദ്‌ സർവകലാശാലയിലെ വിദ്യാർഥി രോഹിത്‌ വെമുലയുടെ അമ്മ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലായിരുന്നു കോടതി നിർദേശം. ജാതി വിവേചനങ്ങൾ ഫലപ്രദമായി തടയുന്നതിൽ യുജിസി പരാജയമാണെന്ന വിമർശം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home