ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ
print edition "റോഡിൽ അലയുന്ന കന്നുകാലികളെ സംരക്ഷിക്കാനാകില്ല'

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദേശീയപാതയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ അടക്കമുള്ള മൃഗങ്ങളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ. റോഡ് അപകടത്തിന് കാരണമാകുന്ന മൃഗങ്ങളെ ദേശീയപാത അതോറിറ്റി നീക്കണമെന്ന പ്രത്യേക ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തത തേടി സമർപ്പിച്ച അപേക്ഷയിലാണ് ഈ വാദം ഉന്നയിച്ചത്. ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചിലേയ്‌ക്ക് അപേക്ഷ വിടാമെന്ന് തിങ്കളാഴ്‌ച ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് അറിയിച്ചു.
ദേശീയ പാതകളുടെ വികസനം, പരിപാലനം, അനുബന്ധ ഗതാഗത പ്രവർത്തനങ്ങൾ എന്നിവയാണ് അതോറിറ്റിയുടെ ചുമതല. മൃഗങ്ങളെ നീക്കേണ്ടതും സംരക്ഷണകേന്ദ്രം സ്ഥാപിക്കേണ്ടതും പാർപ്പിക്കേണ്ടതും സംസ്ഥാന–തദ്ദേശ സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. തെരുവ് മൃഗങ്ങൾക്കായി പ്രത്യേക വാഹനം വേണമെന്നും സംരക്ഷണസൗകര്യം നിർമിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞത് നിയമപ്രകാരമുള്ള അതോറിറ്റിയുടെ ബാധ്യതയല്ല. കാലിത്തീറ്റയടക്കം ഒരുക്കാൻ പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥരും വേണ്ടിവരും. ഇതിനായി ബജറ്റ് വിഹിതമില്ല. മൃഗങ്ങളെ നീക്കുന്ന സർക്കാർ പ്രവർത്തനങ്ങൾക്ക് അതോറിറ്റി സഹായം നൽകാമെന്നും അപേക്ഷയിൽ പറയുന്നു.









0 comments