തിരിഞ്ഞുനോക്കാതെ സർക്കാർ
ദുരിതതീരം

ആലപ്പുഴ
കേരളത്തിന്റെ തീരക്കടൽ കടുത്ത മത്സ്യദൗർലഭ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാകുമ്പോഴും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാൻ ഇടപെടാതെ യുഡിഎഫ് സർക്കാർ. ട്രോളിങ് നിരോധനത്തിന് ശേഷം കാലവർഷം കുറഞ്ഞതും എൽനിനോ പ്രതിഭാസവും മത്സ്യലഭ്യതയിൽ വലിയ കുറവാണുണ്ടാക്കിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരളത്തിന്റെ തീരത്ത് അനധികൃത മത്സ്യബന്ധനം വ്യാപകമായതും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. എൽനിനോ നിലനിൽക്കുന്നതിനാൽ മത്സ്യങ്ങൾ തീരക്കടൽ വിട്ട് ആഴക്കടലിലേക്കും ചൂടുകുറഞ്ഞ മേഖലകളിലേക്കും പോയിതുടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതോടെ ഇന്ധനച്ചെലവിനുള്ള മത്സ്യങ്ങൾ പോലും കിട്ടാതായി. കുറഞ്ഞ അളവിൽ ചെറിയ മത്തിയും അയിലയുമാണ് നേരിയതോതിൽ ലഭിക്കുന്നത്. പ്രതിസന്ധി രൂക്ഷമായാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകും. തീരം വറുതിക്കാലത്തേക്ക് കൂപ്പുകുത്തുമ്പോഴും കണ്ണടച്ചിരിക്കുകയാണ് ഫിഷറീസ് വകുപ്പും സംസ്ഥാന സർക്കാരും. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഭീഷണിയും ചെറുമീൻ വേട്ടയും ഒരേസമയം നേരിടേണ്ട സാഹചര്യത്തിലാണ് കേരളത്തിന്റെ മത്സ്യമേഖല. കടലിലെ മാറ്റങ്ങൾ തീരത്തെ ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നതിന് മുമ്പ് സർക്കാർ ഇടപെടൽ വേണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം.








0 comments