ad
Deshabhimani

print edition നീതിപീഠം ഇടപെടണം

AYODHYA TEMPLE.

പ്രതീകാത്മക ചിത്രം

avatar
എം അഖിൽ

Published on Jul 21, 2026, 12:01 AM | 3 min read

രാമക്ഷേത്രവുമായി ബന്ധപ്പെട്ട്‌ അതീവഗുരുതര ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിൽ കർശന ഇടപെടലുകൾ നടത്തേണ്ട ഏറ്റവും വലിയ ധാർമികബാധ്യതയും ഉത്തരവാദിത്വവുമുള്ളത്‌ പരമോന്നത കോടതിക്കാണ്‌. കാരണം, രാമക്ഷേത്രത്തിന്റെ നിർമാണത്തിന്‌ വഴിയൊരുക്കിയ നിർണായക വിധി പുറപ്പെടുവിച്ചത്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌. 2019 നവംബർ ഒന്പതിലെ വിധിയിലൂടെയാണ്‌ അയോധ്യയിലെ 2.77 ഏക്കർ ഭൂമിയിൽ രാമക്ഷേത്രം ഉയർന്നത്‌.


ഉത്തരവിറങ്ങി മൂന്നുമാസത്തിനകം 1993ലെ നിയമം അനുസരിച്ച്‌ കേന്ദ്രസർക്കാർ ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും ക്ഷേത്രനിർമാണത്തിന്റെയും മറ്റു കാര്യങ്ങളുടെയും ചുമതല ട്രസ്റ്റിന്‌ കൈമാറണമെന്നും ഭരണഘടനാ ബെഞ്ച്‌ നിർദേശിച്ചു. 134 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പുറത്തിറക്കിയ 1045 പേജുള്ള നിർണായക വിധിയുടെ അവസാനം, ആ വിധി പുറപ്പെടുവിച്ച ജഡ്‌ജിമാരുടെ ആരുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എല്ലാ കോടതിവിധിയുടെയും അവസാനം അത്‌ തയ്യാറാക്കിയ ജഡ്‌ജിയുടെയോ ജഡ്‌ജിമാരുടെയോ പേരോ പേരുകളോ ഉൾപ്പെടുത്തുന്നതാണ്‌ കീഴ്‌വഴക്കം. എന്നാൽ, അയോധ്യവിധിയുടെ കാര്യത്തിൽ ആ കീഴ്‌വഴക്കം പാലിച്ചില്ല.


ഭരണഘടനാ ബെഞ്ചിലെ അഞ്ചു ജഡ്‌ജിമാരും ഒറ്റക്കെട്ടായി പൊതു വിധി തയ്യാറാക്കിയതുകൊണ്ടാണ്‌ പ്രത്യേകിച്ച്‌ ഒരു ജഡ്‌ജിയുടെ പേര്‌ ചേർക്കാതിരുന്നതെന്ന്‌ ഭരണഘടനാ ബെഞ്ചിന്‌ നേതൃത്വം നൽകിയിരുന്ന മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ പിന്നീട്‌ പ്രതികരിച്ചു. വിരമിച്ചതിനുശേഷം 2020 മാർച്ചിൽ രഞ്‌ജൻ ഗൊഗോയ്‌ രാജ്യസഭാംഗമായി.


​‘രാം ലല്ല’യുടെ
അവകാശങ്ങൾ​


അയോധ്യയിലെ രാം ലല്ല വിരാജ്‌മാനെ (ബാലരൂപത്തിലുള്ള രാമപ്രതിഷ്‌ഠ) ‘നിയമപരമായ വ്യക്തിത്വമുള്ള സത്തയായി’ കണക്കാക്കിയാണ്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്‌. രാം ലല്ലയ്‌ക്ക്‌ സ്വത്ത്‌ കൈവശംവയ്ക്കാനും അതുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കാനുമുള്ള പദവി ഉൾപ്പെടെ അംഗീകരിച്ചു. രാം ലല്ലയ്‌ക്ക്‌ നേരിട്ട്‌ കോടതിയിൽ ഹാജരാകാനുള്ള സാധ്യത ഇല്ലാത്തതിനാൽ പ്രതിഷ്‌ഠയെ പ്രതിനിധാനംചെയ്ത്‌ മറ്റൊരു വ്യക്തിക്കോ സംഘടനയ്‌ക്കോ നിയമനടപടികളിൽ ഇടപെടാനുള്ള അവസരവും നൽകി. 2.77 ഏക്കർ രാം ലല്ലയ്‌ക്കാണ്‌ കോടതി കൈമാറിയത്‌. രാം ലല്ലയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുകയും ആരാധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന ഭരണനിർവഹണ സ്ഥാപനമെന്ന ചുമതലയാണ്‌ ട്രസ്റ്റിനുള്ളത്‌. ഇ‍ൗ ആവശ്യങ്ങൾക്കുവേണ്ടി ട്രസ്റ്റ്‌ രൂപീകരിക്കണമെന്ന നിർദേശമാണ്‌ സുപ്രീംകോടതി നൽകിയത്‌. സുപ്രീംകോടതി നിർദേശാനുസരണം കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റിനെതിരെയാണ്‌ ഇപ്പോൾ അതീവഗുരുതര ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ളത്‌. ഇ‍ൗ സാഹചര്യത്തിൽ രാം ലല്ലയുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ധാർമികമായ ബാധ്യതയും ഉത്തരവാദിത്വവും സുപ്രീംകോടതിക്കാണെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.


രാമക്ഷേത്രത്തിലെ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന്‌ പ്രതിപക്ഷവും വിശ്വാസിസമൂഹവും ആവശ്യപ്പെടുന്നു. സിറ്റിങ് ജഡ്‌ജിമാരുടെയോ വിരമിച്ച ജഡ്‌ജിമാരുടെയോ മേൽനോട്ടത്തിലുള്ള അന്വേഷണമെന്ന ആവശ്യമാണ്‌ എല്ലാ കോണുകളിൽനിന്നും ഉയരുന്നത്‌. ഇ‍ൗ ആവശ്യമുന്നയിച്ചുള്ള നിരവധി ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌. യുപി സർക്കാരിന്‌ നോട്ടീസ്‌ അയച്ച കോടതി എസ്‌ഐടി റിപ്പോർട്ടും തേടിയിട്ടുണ്ട്‌. എസ്‌ഐടി അന്വേഷണം പുരോഗമിക്കുകയാണെന്നും എട്ടുപേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും യുപി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്‌. അതേസമയം, സുപ്രീംകോടതി ഇ‍ൗ വിഷയത്തെ ലഘൂകരിക്കുകയാണെന്ന വിമർശവും ഉയരുന്നുണ്ട്‌. ‘വിഷയത്തെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല; ഇതൊരു മോഷണവിഷയം മാത്രമാണ്‌’ എന്നാണ് ചീഫ്‌ ജസ്റ്റിസ്‌ അഭിപ്രായപ്പെട്ടത്‌.


​‘ട്രസ്റ്റ്‌’ നഷ്ടപ്പെട്ട ട്രസ്റ്റ്‌

ഗുരുതര ആരോപണങ്ങൾ നേരിടുന്ന ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ്‌ ഉത്തർപ്രദേശ്‌ സർക്കാർ എസ്‌ഐടി രൂപീകരിച്ചത്‌. സാന്പത്തിക, ഭൂമി ഇടപാടുകളിൽ സംശയനിഴലിലുള്ള ട്രസ്റ്റ്‌ പൊതുസമൂഹത്തിൽ പിടിച്ചുനിൽക്കാൻവേണ്ടിയാണ്‌ സംസ്ഥാന സർക്കാരിനോട്‌ അന്വേഷണം ആവശ്യപ്പെട്ടത്‌. ഇ‍ൗ ആവശ്യം അവർ ഉന്നയിക്കുന്നതിന്‌ വളരെ മുന്പുതന്നെ ചന്പത്‌ റായിയും അനിൽ മിശ്രയും ഉൾപ്പെടെയുള്ളവർക്കെതിരെ വലിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്‌. ‘ഞങ്ങൾ കുറ്റക്കാരാണെങ്കിൽ സർക്കാരിനോട്‌ അന്വേഷണം നടത്താൻ ആവശ്യപ്പെടുമോ?’ എന്ന ബാലിശമായ വാദമാണ്‌ ഇക്കൂട്ടർ ഇപ്പോൾ തടിതപ്പാനായി ഉന്നയിക്കുന്നത്‌. ആർഎസ്‌എസ്‌, വിഎച്ച്‌പി നിയന്ത്രണത്തിലുള്ള ട്രസ്റ്റിനെതിരെ ബിജെപി സർക്കാർ രൂപീകരിച്ച എസ്‌ഐടി നടത്തുന്ന അന്വേഷണം പരിഹാസ്യമാണെന്ന വിമർശം ശക്തമാണ്‌. 2019ലെ സുപ്രീംകോടതി ഉത്തരവിനുശേഷം രാമക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഉയർന്ന എല്ലാ ആരോപണങ്ങളിലും സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണമാണ്‌ നടത്തേണ്ടത്‌.


​‘സിഇഒ വന്നാൽ 
ഓക്കെ ആകുമോ?’​


ക്ഷേത്ര ഭരണനിർവഹണത്തിനായി സിഇഒയെ നിയമിച്ച്‌ ചില പരിഷ്‌കാരങ്ങൾ നടപ്പാക്കി ആളുകളുടെ കണ്ണിൽ പൊടിയിടാനാണ്‌ ട്രസ്റ്റിന്റെ നീക്കം. ഇതിനുവേണ്ട നിർദേശങ്ങൾ നൽകിയത്‌ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന്‌ റിപ്പോർട്ടുണ്ട്‌. സിഇഒയെ നിയമിച്ചാൽ ക്ഷേത്രനിയന്ത്രണം നഷ്ടമാകുമോയെന്ന്‌ വിഎച്ച്‌പിക്കുംമറ്റും വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ വിശ്വസ്‌തനായ നൃപേന്ദ്ര മിശ്ര അത്തരം ആശങ്കകൾ വേണ്ടെന്ന്‌ അവർക്ക്‌ ഉറപ്പുനൽകി. ആര്‌ സിഇഒ ആയാലും അയാളുടെ അധികാരങ്ങളും ചുമതലകളും തീരുമാനിക്കുന്നത്‌ ട്രസ്റ്റായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. ഇതോടെ സിഇഒയെ തീരുമാനിക്കാൻ ട്രസ്റ്റ്‌ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി. ‘രാം ലല്ലയോടുള്ള ഭക്തി’യാണ്‌ സിഇഒ ആകാനുള്ള മുഖ്യയോഗ്യതയെന്ന്‌ ഇ‍ൗ സമിതിയിലെ ഒരംഗം ദേശീയമാധ്യമങ്ങളോട്‌ പ്രതികരിച്ചു. വലിയ കൊള്ള പുറത്തുവന്ന്‌ രാജ്യത്തിനകത്തും പുറത്തും നാണംകെട്ടിട്ടും ട്രസ്റ്റിന്‌ ആത്മാർഥമായ തിരുത്തൽനടപടികൾക്ക്‌ താൽപ്പര്യമില്ലെന്നതാണ്‌ വസ്‌തുത.


​‘വിശ്വാസികൾ കുറയുന്നു’​


രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ റിപ്പോർട്ടുകൾ ഓരോ ദിവസവും പുറത്തുവരുന്ന സാഹചര്യത്തിൽ, അയോധ്യയിലേക്കുള്ള വിശ്വാസികളുടെ പ്രവാഹം വലിയ അളവിൽ കുറഞ്ഞിട്ടുണ്ടെന്ന്‌ അയോധ്യയിലെ കച്ചവടക്കാരും റിക്ഷക്കാരും ഹോട്ടൽ ഉടമകളും പറയുന്നു. ‘മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള വിശ്വാസികളുടെ ഒഴുക്ക്‌ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ ഇവിടേക്ക്‌ വരുന്നവരിൽ അധികവും അയോധ്യയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകളാണ്‌. വിശ്വാസികളുടെ വികാരം വലിയ രീതിയിൽ വ്രണപ്പെട്ടിരിക്കുന്നു. അത്‌ ഞങ്ങളുടെ കച്ചവടത്തെയും ബാധിച്ചു’– അയോധ്യയുടെ അടുത്ത്‌ കച്ചവടം നടത്തുന്ന പ്രകാശ്‌ ഗുപ്‌ത പ്രതികരിച്ചു. വിശ്വാസികളുടെ എണ്ണം 50 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ടെന്ന്‌ ക്ഷേത്രത്തിനുസമീപം ‘സരയു റെസ്റ്റോറന്റ്‌’ നടത്തുന്ന നിഖിൽ സിങ് പറഞ്ഞു. ക്ഷേത്രത്തിലേക്ക്‌ വരുന്ന വിശ്വാസികൾക്കിടയിലും കൊള്ള വലിയ ചർച്ചാവിഷയമാണ്‌. പലരും കാണിക്കവഞ്ചികളിൽ പണമിടുന്ന രീതി വേണ്ടെന്നുവച്ചതായും റിപ്പോർട്ടുകളുണ്ട്‌. ‘നേരത്തേ ഞങ്ങൾ വരുന്പോൾ യാത്രക്കൂലിക്കുള്ള തുകയൊഴിച്ച്‌ ബാക്കിയുള്ളത്‌ കാണിക്ക നൽകാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഞങ്ങളുടെ പണം എങ്ങോട്ടേക്കാണ്‌ പോകുന്നതെന്ന്‌ മനസ്സിലായി. അതുകൊണ്ടുതന്നെ, ഇനി ഞങ്ങൾ കാണിക്കവഞ്ചികളിൽ പണമിടില്ല. പകരം അത്‌ മറ്റെന്തെങ്കിലും നല്ല കാര്യത്തിന്‌ വിനിയോഗിക്കും. അത്‌ രാമപാദങ്ങളിൽ എത്തുമെന്ന കാര്യം ഞങ്ങൾക്കുറപ്പാണ്‌’– ബിഹാറിലെ മുസഫർപുരിൽനിന്ന്‌ കുടുംബസമേതമെത്തിയ ശംഭു ശരൺ പറഞ്ഞു.


തുടരും...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home