ബംഗാൾ തെരഞ്ഞെടുപ്പ്
അക്രമങ്ങൾ തടയാൻ നടപടിവേണം: കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളും അനധികൃതമായി കെട്ടിടങ്ങൾ പൊളിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റൗണക് മുഖർജി (22) ആണ് ഹർജി സമർപ്പിച്ചത്. മെയ് 12ന് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ച് ഈ കേസ് പരിഗണിക്കും.
സംസ്ഥാനത്തുടനീളം നിയമവ്യവസ്ഥ തകരുകയും വ്യാപകമായ നശീകരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു എന്നതാണ് ഹർജിയിലെ പ്രധാന വാദം. ഔദ്യോഗിക അറിയിപ്പോ കോടതി ഉത്തരവോ ഇല്ലാതെ സ്വകാര്യ വ്യക്തികളുടെ കടകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പലയിടത്തും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാർക്കറ്റ് (ഹോഗ് മാർക്കറ്റ്) പരിസരത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തത് വ്യാപാരികൾക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നുവെന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടപടി സ്വീകരിക്കുന്നില്ലെന്നും വീഡിയോ ദൃശ്യങ്ങൾ ഉദ്ധരിച്ച് ഹർജിയിൽ ആരോപിക്കുന്നു.
മെയ് 5ന് ആയുധധാരികളായ ഒരു സംഘം ലെനിന്റെ പ്രതിമ തകർത്തത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ കോടതി അടിയന്തരമായി ഇടപെടണംമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. അക്രമങ്ങൾ തടയുന്നതിന് പൊലീസിനും അധികാരികൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം, ന്യൂ മാർക്കറ്റ് പ്രദേശത്ത് നടന്ന പൊളിച്ചുനീക്കലുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയച്ചിട്ടുണ്ട്.










0 comments