ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെ മുസ്തഫാബാദിലെ നാല് നില കെട്ടിടം തകർന്ന് വീണത്. അപകടത്തിൽ നാല് പേർ മരിച്ചു. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിലവിൽ 12 പേർ കോൺഗ്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, ദില്ലി പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അതേ സമയം രക്ഷാപ്രവർത്തന സാമഗ്രികൾ സംഭവസ്ഥലത്തേക്ക് എത്തിക്കാനുള്ള സൗകര്യക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി എൻടിആർഎഫ് സംഘം ചൂണ്ടിക്കാട്ടി.
നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നതായാണ് സമീപവാസികൾ വ്യക്തമാക്കുന്നത്. മേഖലയിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റും മഴയും അപകടത്തിനു ആക്കം കൂട്ടി എന്നാണ് ഡൽഹി പൊലീസിന്റെ പ്രാഥമിക നിഗമനം.









0 comments