50-ാം തവണയും പരാജയം; സർക്കാർ ജോലി ലഭിക്കാത്തതിൽ മനംമടുത്ത് ബിടെക് ഗോൾഡ് മെഡലിസ്റ്റ് ജീവനൊടുക്കി

ആനന്ദ് കുമാർ (Photo: NDTV)
കാൺപുർ: സർക്കാർ ജോലി ലഭിക്കാത്തതിൽ മനംമടുത്ത് ബിടെക് ഗോൾഡ് മെഡലിസ്റ്റ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൺപൂരിൽ 23 കാരനായ ആനന്ദ് കുമാർ ആണ് തൂങ്ങി മരിച്ചത്. നിരവധി തവണ ശ്രമം നടത്തിയിട്ടും ജോലി ലഭിക്കാത്തതിൽ പിതാവിനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള കുറിപ്പെഴുതിയ ശേഷമാണ് ആനന്ദ് കുമാർ ആത്മഹത്യ ചെയ്തത്.
2024-ൽ കാൺപൂരിലെ എൻജിനീയറിംഗ് കോളേജ് ആയ പ്രൺവീർ സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (PSIT) യിൽ നിന്ന് ബിടെക് (ഇലക്ട്രിക്കൽ എൻജിനീയറിംഗ്) കോഴ്‌സിൽ ടോപ്പറും ഉത്തർപ്രദേശിൽ മൂന്നാം റാങ്കും ആനന്ദ് കുമാർ സ്വന്തമാക്കിയിരുന്നു. കോളേജിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിൽ നിന്ന് ഗോൾഡ് മെഡലും നേടിയിരുന്നു.
മൂത്ത സഹോദരന്റെ വിവാഹം ഉറപ്പിക്കുന്നതിനായി കുടുംബം ബിഹാറിലെ ജന്മനാട്ടിലേയ്ക്ക് പോയ സമയത്താണ് യുവാവ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. വീട്ടുജോലിക്കാരൻ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
"സോറി പാപ്പ, സർക്കാർ ജോലി ലഭിക്കാൻ ഞാൻ ഏകദേശം 50 തവണ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ദയവായി എന്നോട് ക്ഷമിക്കൂ," ഇംഗ്ലീഷിലെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ബിരുദ പഠനത്തിന് ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയ ശേഷമാണ് ആനന്ദ് മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതെന്ന് പിതാവ് രാജ്കുമാർ പറഞ്ഞു.
"റെയിൽവേ, എസ്എസ്‌സി (സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ), ബാങ്കുകൾ, വിദ്യാഭ്യാസ വകുപ്പ് എന്നിവ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ അവൻ പങ്കെടുത്തുവെങ്കിലും വിജയിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അവൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു," രാജ്കുമാർ പറയുന്നു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.










0 comments