ബിഎസ്എഫ് ജവാൻ പാക് കസ്റ്റഡിയിൽ; മോചനത്തിന് ചർച്ചകൾ തുടരുന്നു

ചണ്ഡീഗഢ്: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ ഇന്ത്യ- പാക് അതിർത്തിയിലാണ് പാകിസ്ഥാന്റെ നടപടി. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക് കസ്റ്റഡിയിലുള്ളത് എന്നാണ് വിവരം. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുകയാണ്.
ഇന്ന് ഉച്ചയോടെഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം. പതിവ് ഡ്യൂട്ടിക്കിടെ പി കെ സിംഗ് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്ഥാൻ പ്രദേശത്തേക്ക് നീങ്ങി. ഫിറോസ്പൂർ അതിർത്തിക്കപ്പുറത്ത് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിംഗ് സൈനിക യൂണിഫോമിലായിരുന്നു. സർവീസ് റൈഫിളും കൈവശം വച്ചിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് അദ്ദേഹത്തെ പാകിസ്ഥാൻ പട്ടാളക്കാർ കസ്റ്റഡിയിലെടുത്തത്.
പി കെ സിങ്ങിന്റെ മോചനത്തിനായി ഇന്ത്യൻ ആർമിയിലേയും പാകിസ്ഥാൻ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥർ ചർച്ചയാരംഭിച്ചു. എന്നാൽ സൈനികനെ വിട്ടയക്കുന്നതായുള്ള നീക്കങ്ങളൊന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. ജവാനെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.








0 comments