Deshabhimani

ബി എസ്-7 മാനദണ്ഡം; കൂടുതൽ സമയം ആവശ്യപ്പെട്ട് വാഹന നിർമാതാക്കൾ

BS-7
വെബ് ഡെസ്ക്

Published on Oct 23, 2026, 05:47 PM | 2 min read

ന്യൂഡൽഹി : വാഹന മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ബി എസ്-7 മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യടവുമായി വാഹന നിർമാതാക്കൾ. ബി എസ്-7 മാനദണ്ഡം 2035 ഏപ്രിൽ മുതൽ നടപ്പാക്കിയാൽ മതിയെന്നാണ് വാഹന വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) മുന്നോട്ടുവെച്ച നിർദേശം.


കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടപ്രകാരം കാറുകളിൽ ബ്രേക്ക് കണികാ മലിനീകരണ നിയന്ത്രണവും ടയർ തേയ്മാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും 2031 ഏപ്രിൽ മുതൽ നടപ്പാക്കണമെന്ന നിർദേശമുണ്ട്. എന്നാൽ, വിതരണക്കാർക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനും പരിശോധനാ രീതികൾ ഉറപ്പാക്കാനും കൂടുതൽ സമയം വേണമെന്നാണ് വാഹന നിർമാതാക്കളുടെ നിലപാട്. മലിനീകരണത്തിന്റെ അളവ് പരിശോധിക്കുന്ന രീതികളും കൃത്യമായ പരിധികളും സംബന്ധിച്ച് വ്യക്തത വേണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നു.


2031 ഏപ്രിൽ മുതൽ ഇലക്ട്രിക് കാറുകളിൽ ബ്രേക്ക് കണികാ പുറന്തള്ളലിന്റെ പരിധി കിലോമീറ്ററിന് മൂന്ന് മില്ലിഗ്രാമും പെട്രോൾ, ഡീസൽ, ഹൈബ്രിഡ് തുടങ്ങിയ മറ്റ് നിർദിഷ്ട വാഹനങ്ങളിൽ ഏഴ് മില്ലിഗ്രാമുമാണ്. 2035 ഏപ്രിൽ മുതൽ എല്ലാ ഉൾപ്പെടുന്ന കാറുകൾക്കും കിലോമീറ്ററിന് മൂന്ന് മില്ലിഗ്രാം എന്ന ഏകീകൃത പരിധി കൊണ്ടുവരാനും നിർദേശമുണ്ട്. ടയർ തേയ്മാനവുമായി ബന്ധപ്പെട്ട കൃത്യമായ മലിനീകരണ പരിധികൾ പിന്നീട് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.


പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ ആവശ്യമായ പരിശോധനാ സംവിധാനങ്ങളും വാഹന ഘടകങ്ങളിലെ മാറ്റങ്ങളും ഒരുക്കുന്നതിന് സമയമെടുക്കുമെന്ന് വാഹന വ്യവസായ രംഗത്തെ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. വിതരണക്കാർക്ക് അന്തിമ മാനദണ്ഡങ്ങൾ ലഭിച്ച ശേഷമേ ഉൽപ്പന്നങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും നിക്ഷേപം ആസൂത്രണം ചെയ്യാനും കഴിയൂ.


അതേസമയം, ബിഎസ്–7 മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. പുതിയ യാത്രാവാഹനങ്ങൾക്ക് 2029 ഏപ്രിൽ ഒന്നുമുതലും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 2030 ഏപ്രിൽ ഒന്നുമുതലും ബസുകൾക്കും ഭാരവാഹനങ്ങൾക്കും 2031 ഏപ്രിൽ ഒന്നുമുതലും മാനദണ്ഡങ്ങൾ ബാധകമാക്കാനാണ് നിർദേശം. യഥാർഥ റോഡ് സാഹചര്യങ്ങളിലെ മലിനീകരണ പരിശോധന, വാഹനങ്ങളിലെ മലിനീകരണ നിരീക്ഷണ സംവിധാനം, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ശേഷി നിലനിർത്തൽ എന്നിവയും പുതിയ ചട്ടങ്ങളുടെ ഭാഗമാണ്. ചട്ടങ്ങൾ ഇപ്പോഴും കരട് ഘട്ടത്തിലാണ്. പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട മേഖലകളിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home