ബിആർഎസ് തളരുമോ പിളരുമോ
ഇ ഡി അന്വേഷണ ഭീഷണിയിൽ വീണു; ബിആർഎസ് ലയിക്കാൻ തയാറായി വന്നെന്ന് ബിജെപി എംപി


എൻ എ ബക്കർ
Published on Jul 27, 2025, 04:36 PM | 4 min read
ഹൈദരാബാദ്: അഴിമതി കേസിൽ അന്വേഷണം തുടങ്ങിയതോടെ ബിആര്‍എസ് തങ്ങളുമായി സഖ്യമുണ്ടാക്കാനോ പാര്‍ട്ടിയിൽ ലയിക്കാനോ തയാറായി വന്നതായി ബിജെപി എംപിയുടെ ആരോപണം. ബിആര്‍സ് വര്‍ക്കിങ് പ്രസിഡന്റായ കെ ടി രാമറാവു ഇതിനായി നേരിട്ട് വന്ന് കണ്ടതായി ആന്ധ്രാപ്രദേശ് എംപി ചിന്തകുന്ത മുനു സ്വാമി രമേശ് ആണ് ആരോപണം ഉന്നയിച്ചത്
സഹോദരി കെ കവിതക്കെതിരായ ഇഡി, സിബിഐ അന്വേഷണങ്ങൾ അവസാനിപ്പിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനോ പാര്‍ട്ടിയിൽ ലയിക്കാനോ കെ ടി രാമറാവു തയ്യാറായിരുന്നെന്ന് രമേഷ് അവകാശപ്പെട്ടു.
ബിജെപിയുടെ പതിവ് തന്ത്രം, നിഷേധിച്ച് കെടിആർ
അഴിമതി കേസിലും ഭീഷണിയിലും അകപ്പെടുത്തി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇതര പാർടി നേതാക്കളെയും ജനപ്രതിനിധികളെയും മറുകണ്ടം ചാടിക്കുന്ന ബിജെപിയുടെ തന്ത്രത്തിൽ രാമറാവുവും വീണിരുന്നു എന്നാണ് വെളിപ്പെടുത്തൽ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രമേഷും തമ്മിലുള്ള അഴിമതി കൂട്ടുകെട്ട് സംബന്ധിച്ച കെടിആറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ലയന ശ്രമ വാർത്ത പുറത്ത് വിടുന്നത്.
തെലങ്കാനയിലെ ജനങ്ങൾ പ്രശ്‌നത്തിലാകുമ്പോഴെല്ലാം ലയന ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസും ബിജെപിയും അവരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത് പതിവാണെന്ന് കെടിആർ ഇതിനെതിരെ പ്രതികരിച്ചു. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ “ലജ്ജയില്ലാത്ത രാഷ്ട്രീയ ബന്ധം” ഉണ്ടെന്നും കെടിആർ ആരോപിച്ചിരുന്നു.
ബിജെപിയുടെ അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവരുമായി ലയിക്കുക എന്ന അസംബന്ധവും അടിസ്ഥാനരഹിതവുമായ വിഷയം ഉയർത്തുന്നത്. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിനായി സ്ഥാപിതമായ പാർട്ടിയാണ് ബിആർഎസ്. ബിആർഎസ് മറ്റ് ഒരു പാർട്ടിയുമായും ലയിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ലെന്ന് തെലങ്കാനയിലെ ജനങ്ങൾക്കറിയാം.” എന്നും കെടിആർ പ്രതികരിച്ചു.

ഡൽഹി എക്സൈസ് നയ കേസിൽ സഹോദരിയും ബിആർഎസിന്റെ നിയമസഭാ കൗൺസിൽ അംഗവുമായ കവിത റാവു ജയിലിലായപ്പോൾ ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു തന്റെ വസതി സന്ദർശിച്ചതായാണ് രമേശ് പറഞ്ഞത്. സന്ദർശനം തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങളുണ്ട്. മാത്രമല്ല എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും (ഇഡി) മറ്റ് കേന്ദ്ര ഏജൻസികളിൽ നിന്നും രക്ഷപെടുത്താൻ അമത് ഷായെ ബന്ധപ്പെടുത്താൻ വീട്ടിൽ വെച്ച് കെടിആർ സഹായം അഭ്യർഥിച്ചിരുന്നതായും രമേഷ് ആരോപിച്ചു.
അഴിമതി ആരോപണത്തിന് പിന്നാലെ
ലയന വാഗ്ദ്ധാന വാർത്ത
കാഞ്ച ഗച്ചിബൗളിയിലെ തർക്കത്തിലുള്ള 400 ഏക്കർ ഭൂമി പണയപ്പെടുത്തി രമേശ് തെലങ്കാന സർക്കാരിന് 10,000 കോടി രൂപ നൽകിയെന്ന് കെടിആർ ആരോപിച്ചിരുന്നു. പകരമായി, രമേശ് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കുടുംബം നടത്തുന്നതുമായ നിർമ്മാണ സ്ഥാപനമായ റിത്വിക് പ്രോജക്ടുകൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഫ്ലാഗ്ഷിപ്പ് ഫ്യൂച്ചർ സിറ്റി പദ്ധതിയിലേക്ക് റോഡുകൾ നിർമ്മിക്കുന്നതിനായി 1,665 കോടി രൂപയുടെ കരാറുകൾ നൽകിയതായി കെടിആർ വെളിപ്പെടുത്തി.
ലയന ശ്രമ വാർത്ത പ്രചരിപ്പിക്കാൻ
ബിജെപി നേരത്തെയും ശ്രമിച്ചു
2024 ആഗസ്റ്റിൽ, ഡൽഹി എക്സൈസ് നയ കേസിൽ കവിത ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് ഏകദേശം ഒരു ആഴ്ച മുമ്പ് തന്നെ ബിആർഎസ് ബിജെപിയിൽ ലയിക്കാനുള്ള സാധ്യതയുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവകാശപ്പെട്ടിരുന്നു. പകരമായി കെടിആറിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തും. കവിതയെ ജയിൽ മോചിതയാക്കി രാജ്യസഭാ എംപിയാക്കുമെന്നും രേവന്ത് പറഞ്ഞു.
ഇതിനിടെ കവിതയും കെടിആറും തമ്മിൽ ഭിന്നത ഉണ്ടായപ്പോഴും ആരോപണം ഉയർന്നു വന്നിരുന്നു. താൻ ജയിലിലായിരിക്കുമ്പോൾ പോലും ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ ശ്രമങ്ങൾ നടന്നതായി കവിത ആരോപിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി കൂടുതൽ കാലം ജയിലിൽ തുടരാൻ സന്നദ്ധത പ്രകടിപ്പിച്ചതായും സ്വയം രക്ഷിക്കാൻ ബിജെപിയുമായുള്ള സഖ്യത്തെ എതിർത്തതായും അവർ അവകാശപ്പെട്ടു.
കവിതയുടെ അറസ്റ്റിന് മുമ്പ് തന്നെ, 2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുന്നതിനിടെ അന്നത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും എന്നാൽ താൻ ആ നിർദ്ദേശം നിരസിക്കയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.
ബിആർഎസ് സ്വയം തകരുമോ
അതോ പിളർത്തുമോ
കെ ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ഇപ്പോഴും തെലങ്കാൻ സംസ്ഥാനത്തെ ശക്തമായ സാന്നിധ്യമാണ്. വർഷങ്ങളായി, തെലങ്കാന രാഷ്ട്രീയത്തിൽ ബിആർഎസിന്റെ ഉയർച്ചയ്ക്കും പ്രതിരോധശേഷിക്കും പിന്നിലെ തർക്കമില്ലാത്ത മുഖവും പ്രേരകശക്തിയിരുന്നു കെസിആർ. സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികളും സജീവമായ പൊതു ഇടപെടലിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റവും കുടുംബത്തിനുള്ളിലും പാർടിയിലും പുതിയ വിള്ളലുകൾ ഉണ്ടാക്കി.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിആർഎസിന്റെ പരാജയത്തെയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പൂർണ്ണമായ തോൽവിയും കെസിആർ പൊതുജീവിതത്തിൽ നിന്ന് ഏറെക്കുറെ പിൻവാങ്ങുന്ന സാഹചര്യം ഉണ്ടാക്കി. നിയമസഭയിലേക്കുള്ള അപൂർവ സന്ദർശനങ്ങൾ പോലും വിമർശിക്കപ്പെട്ടു. കൂടുതൽ സമയവും തന്റെ ഫാംഹൗസിൽ ചെലവഴിക്കുന്നു എന്നായിരുന്നു വിമർശനം.
മുഖ്യ പ്രതിപക്ഷ നേതാവ് എന്ന പദവി കെ സി ആറിന് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മകൻ കെ.ടി. രാമ റാവു (കെ.ടി.ആർ) ആണ് പാർടിയുടെ കേന്ദ്രബിന്ദുവായി ഉയർന്നത്. പാർടിയുടെ മുഖമായി മകനെ പ്രതിഷ്ഠിക്കാനുള്ള ബോധപൂർവമായ ശ്രമം എന്ന് ഇത് വിലയിരുത്തപ്പെട്ടു. പാർടിയുടെ രജത ജൂബിലി റാലിയിൽ കെസിആറിന്റെയും കെടിആറിന്റെയും ചിത്രങ്ങൾ മാത്രമേ വേദിയുടെ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചിരുന്നുള്ളൂ.
കെ.സി.ആറിന്റെ അനന്തരവൻ ഹരീഷ് റാവുവും രാഷ്ട്രീയമായി അഭിലാഷമുള്ളയാളാണ്. കെ.സി.ആറിന്റെ മകൾ കവിതയും മത്സരരംഗത്തേക്ക് ഉയർന്നു വന്നു. 2001-ൽ ബി.ആർ.എസ് സ്ഥാപിതമായതുമുതൽ കെസിആറിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ പ്രധാന നിർവ്വഹകനായിരുന്നു ഹരീഷ് റാവു. പാർട്ടിയിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മകൻ കെടിആറിനേക്കാൾ സീനിയോറിറ്റി അദ്ദേഹത്തിനുണ്ട്. 2004 ൽ എംഎൽഎയും മന്ത്രിയുമായി. കെ.ടി.ആർ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത് 2009 ൽ ആയിരുന്നു. 2014 ൽ മന്ത്രിയായി നിയമിതനായി. തുടക്കത്തിൽ ഹരീഷ് റാവുവിനോടായിരുന്നു മമത.

രാഷ്ട്രീയ വിശകലന വിദഗ്ദ്ധനും ബിആർഎസ് സഹസ്ഥാപകനുമായ വി പ്രകാശ് “കെസിആർ ബിആർഎസിന്റെ മുഖ്യ തന്ത്രജ്ഞനാണെങ്കിലും, അവ കൃത്യതയോടെ നടപ്പിലാക്കുന്നത് ഹരീഷ് റാവുവാണ്.” എന്ന് പരസ്യമായി പറഞ്ഞിരുന്നു.
വിയോജിപ്പിന്റെ ആദ്യ ലക്ഷണങ്ങൾ വന്നത് ഹരീഷ് റാവുവിൽ നിന്നല്ല. മറിച്ച് കെസിആറിന്റെ മകൾ കെ കവിതയിൽ നിന്നാണ്. മുൻ എംപിയും നിലവിലെ എംഎൽസിയുമാണ്. അന്വേഷണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിനുശേഷം അവർ പ്രത്യക്ഷമായി ഇടഞ്ഞു.
കവിതയുടെ കാത്തിരിപ്പ്
കവിത തെലങ്കാന ജാഗ്രതി എന്ന സാംസ്കാരിക സംഘടന സ്ഥാപിച്ചു. പെട്ടെന്ന് ഒരു വേറിട്ട സാന്നിധ്യം സ്ഥാപിച്ചെടുത്തു. 2014 ൽ നിസാമാബാദിൽ നിന്ന് പാർലമെന്റ് അംഗമായി തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, എംപിയായി സേവനമനുഷ്ഠിക്കുമ്പോൾ തന്നെ, നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം നേടുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചു.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം അവരുടെ രാഷ്ട്രീയ സ്വാധീനം ദുർബലമായതായി വിലയിരുത്തപ്പെട്ടു. 2020-ലെ ഉപതിരഞ്ഞെടുപ്പിൽ അവർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും 2021-ൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2022 നവംബറിൽ ഡൽഹി എക്സൈസ് കേസിൽ കവിതയുടെ പേര് ആദ്യമായി ഉയർന്നുവന്നതോടെ കവിതയുടെ രാഷ്ട്രീയ ഭാവിയിൽ അനിശ്ചിതത്വം വർദ്ധിച്ചു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിസാമാബാദ് മേഖലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം പരിമിതപ്പെടുത്താൻ പാർട്ടി അവരോട് നിർദ്ദേശിച്ചതായി വാർത്ത പുറത്തു വന്നിരുന്നു. നിസാമാബാദ് പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കാനുള്ള കവിതയുടെ കാത്തിരിപ്പ് ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായതോടെ തിരിച്ചടി നേരിട്ടു. ഇതിനെല്ലാം ഇടയിലാണ് ബിജെപിയുടെ പുതിയ കരുനീക്കം.








0 comments