സുഹൃത്ത് വിവാഹിതനാകുന്നതിൽ എതിർപ്പ്; വധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : തന്റെ സുഹൃത്ത് വിവാഹിതനാകുന്നതിലുള്ള വൈരാഗ്യത്തിൽ പ്രതിശ്രുത വധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകാൽപുരി ഏരിയയിലാണ് വിവാഹവീട് ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 21കാരി ചികിത്സയിലാണ്. ഞായറാഴ്ചയാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ഒരുക്കങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണം നടത്തിയ 26 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിനിരയായ യുവതിയുടെ സുഹൃത്തും അയൽവാസിയുമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തിലാണ് യുവതി വീട്ടിലെത്തിയതും വധുവിനെ ആക്രമിച്ചതും. പ്രതിയായ യുവതിയും പ്രതിശ്രുത വരനും തമ്മിൽ വർഷങ്ങളായി പരിചയത്തിലാണെന്നും ഇയാളുടെ വിവാഹം നടക്കാൻ പോകുന്നതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്ദിരാ വിഹാറിലെ യുവതിയുടെ വീട്ടിൽ "മെഹന്തി" ചടങ്ങ് നടക്കുകയായിരുന്നു സംഭവം. ഇതിൽ പങ്കെടുക്കാനായി വീട്ടിലെത്തിയ പ്രതി സംശയം ജനിപ്പിക്കാതെ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഇടയ്ക്ക് അവസരം ലഭിച്ചപ്പോൾ വധുവിനെ ആക്രമിക്കുകയായിരുന്നു. വധുവിനോട് മൈലാഞ്ചി ഇടുന്നതിനെപ്പറ്റി സംസാരിക്കുന്നതിനിടെ കയ്യിൽ കരുതിയ ആസിഡ് നിറച്ച കുപ്പി തുറന്ന് പെട്ടെന്ന് വധുവിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു. വീട്ടുകാർ ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിച്ചു.
ഏപ്രിൽ 19 ന് സഹോദരിയോടൊപ്പമാണ് പെൺകുട്ടിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ആസിഡ് ആക്രമണത്തിൽ യുവതിയുടെ കണ്ണ്, മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളിൽ ഗുരുതര പൊള്ളലേറ്റു. നിലവിൽ യുവതി ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിയും യുവതിയുടെ പ്രതിശ്രുത വരനും തമ്മിൽ അടുപ്പമുണ്ടെന്ന് പൊലീസ് പറയുന്നു.
അറസ്റ്റ് ചെയ്ത് പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആസിഡിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.










0 comments