print edition യുഎസ് ആധിപത്യത്തിന് എതിരെ ബ്രിക്‌സ്

ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചെെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

എം അഖിൽ
Published on Sep 13, 2026, 02:15 AM | 1 min read
ന്യൂഡൽഹി : ആഗോള ഭരണസംവിധാനത്തിൽ അമേരിക്കൻ ആധിപത്യത്തെയും ഇടപെടലിനെയും ഉന്നമിട്ട് രൂക്ഷവിമർശനവുമായി ബ്രിക്‌സ് ഉച്ചകോടി. ഏതെങ്കിലും രാജ്യത്തെ പരാമർശിച്ചില്ലെങ്കിലും ‘ന്യൂഡൽഹി പ്രഖ്യാപനം’ ലക്ഷ്യമിടുന്നത് അമേരിക്കയെ.
ഐക്യരാഷ്‌ട്ര സഭയും ആഗോള സാമ്പത്തിക സ്ഥാപനങ്ങളും കൂടുതൽ ജനാധിപത്യവൽക്കരിക്കണം, ഏകപക്ഷീയ തീരുവകൾ ആഗോള വ്യാപാരതാൽപ്പര്യങ്ങൾക്ക് എതിരാണ്, ഏകപക്ഷീയ ഉപരോധങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധം, പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാക്കരുത്, രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിക്കണം, ആഗോള സൈനികച്ചെലവ് നിയന്ത്രിക്കണം തുടങ്ങി കൂട്ടായ്‌മയുടെ പൊതുനിലപാടുകൾ യുഎസ് താൽപ്പര്യങ്ങൾക്ക് എതിരാണെന്ന് സംയുക്ത പ്രസ്‌താവന വ്യക്തമാക്കുന്നു.
വിപുലമായ കൂടിയാലോചനകളും കൂട്ടായ പ്രവർത്തനങ്ങളും വഴി കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവും നീതിയുക്തവുമായ ആഗോള ഭരണസംവിധാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, കരീബിയൻ മേഖലകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കണം.
യുഎൻ സെക്രട്ടറിയറ്റിലും മറ്റ് അന്താരാഷ്‌ട്ര സംഘടനകളിലും നീതിയുക്തമായ ഭൂമിശാസ്‌ത്ര പ്രാതിനിധ്യം സമയബന്ധിതമായി നടപ്പാക്കണം. വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കണം. ഇൗ സംഘടനകളുടെ നേതൃപദവികളിൽ വികസ്വര രാജ്യങ്ങളിൽനിന്നുള്ള സ്‌ത്രീ പങ്കാളിത്തവും പ്രാതിനിധ്യവും വർധിപ്പിക്കണം. യുഎന്നിൽ ഏതെങ്കിലും രാജ്യത്തിനോ കൂട്ടത്തിനോ ഏകാധിപത്യം ഉണ്ടാകരുത്.
പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുന്നതിൽ ബ്രിക്‌സ് കടുത്ത ആശങ്ക രേഖപ്പെടുത്തി. യുഎൻ ചാർട്ടറിലെ വ്യവസ്ഥകൾ അനുസരിച്ച് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നും 11 അംഗരാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരത്തിനെതിരെയും ബ്രിക്‌സ് ആഞ്ഞടിച്ചു. ഏകപക്ഷീയ തീരുവകൾക്കെതിരെ ഏകസ്വരത്തിൽ ശബ്‌ദമുയർത്തുന്നുവെന്നും ബ്രിക്‌സ് 18ാം ഉച്ചകോടി സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.










0 comments